ഭിക്ഷാടക മാഫിയാ സംഘങ്ങളെ കുറിച്ചുള്ള നിരവധി വാർത്തകൾ ദിനേന മാധ്യമങ്ങളിൽ നിറയാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ലണ്ടനിൽ കണ്ടെത്തിയ വ്യാജ ഭിക്ഷാടക സംഘത്തിന്‍റെ ആഡംബര ജീവിതത്തെ കുറിച്ച് അറിഞ്ഞാൽ ആരുടെയും കണ്ണ് തള്ളിപ്പോവും. കാരണം അത്രമാത്രം ആഡംബര പൂർണമായ ജീവിതമാണ് ഇവർ നയിച്ചിരുന്നത്. ബ്രിട്ടന്‍റെ തലസ്ഥാനമായ ലണ്ടൻ നഗരത്തിൽ താമസിക്കുകയും അത്യാഡംബര മേഴ്സിഡസ് വാഹനങ്ങളിൽ യാത്ര ചെയ്യുകയും ചെയ്യുന്ന വ്യാജ റൊമാനിയൻ ഭിക്ഷാടക സംഘത്തെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
മൈ ലണ്ടൻ പത്രം നടത്തിയ അന്വേഷണത്തിലാണ് ഈ തട്ടിപ്പ് സംഘത്തെ കണ്ടെത്തിയത്. പ്രതിദിനം പതിനായിരത്തിലധികം രൂപയാണ് ഓരോ ഭിക്ഷാടകനും ഇത്തരത്തില്‍ സമ്പാദിക്കുന്നത് എന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. തെരുവ് വീഥികളിൽ വ്യാപകമായി കാണുന്ന ഇത്തരം ഭിക്ഷാടന സംഘത്തിലെ അംഗങ്ങളുടെ കൈവശം ഒരു കാർബോർഡ് കഷ്ണം കാണാം. അതിൽ “ഭവനരഹിതനെ സഹായിക്കൂ, ദൈവം അനുഗ്രഹിക്കട്ടെ, വളരെ വിശക്കുന്നു” എന്നിങ്ങനെ മറ്റുള്ളവരിൽ ദയയുണ്ടാക്കുന്ന തരത്തിലുള്ള വാചകങ്ങൾ എഴുതിയിട്ടുണ്ടാകുമെന്നുമാണ് മൈ ലണ്ടൻ റിപ്പോർട്ട് ചെയ്യുന്നത്.
ഈ വാചകങ്ങള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ഒരു വാചകവും അക്ഷരത്തെറ്റില്ലാതെ എഴുതിയിട്ടുണ്ടാകില്ലെന്നതാണിത്. അക്ഷരാഭ്യാസമില്ലാത്ത പാവങ്ങളാണ് തങ്ങളുടെ മുന്നില്‍ നിന്ന് യാചിക്കുന്ന മനുഷ്യന്‍ എന്ന് ആളുകളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതിനായിരുന്നു ഈ വിദ്യ. ഇവര്‍ ഇത്തരം ബോര്‍ഡുകളില്‍ ബോധപൂർവ്വം അക്ഷരത്തെറ്റുകൾ വരുത്തുകയാണെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഈ യാചകർക്ക് ഭിക്ഷാടനത്തിന് ഒരു നിശ്ചിത സമയമുണ്ട്. അതിന് ശേഷം ഇവര്‍ മെഴ്‌സിഡസിൽ കയറി സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നും മൈ ലണ്ടന്‍റെ അന്വേഷണത്തിൽ തെളിഞ്ഞു. ഇതിനെ തുടർന്ന് ലണ്ടനിലെ യാചകരിൽ വ്യാജനെ കണ്ടെത്തുന്നതിനായുള്ള കർശനമായ അന്വേഷണം നടത്തിവരികയാണ് മെട്രോപൊളിറ്റൻ പോലീസ്. ഭിക്ഷാടനത്തിന് പേരുകേട്ട പ്രദേശങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥിരമായി പട്രോളിംഗ് നടത്തുന്നുണ്ടെന്നും മെട്രോ പൊളിറ്റൻ പോലീസ് വക്താവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.