ലഖ്നോ: രോഗികളുടെ എണ്ണം ഉയരുന്നതിനിടെ വിദേശത്ത് നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി യു.പി. പരിശോധനയിൽ പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് നൽകാനും നിർദേശിച്ചിട്ടുണ്ട്.
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെയാണ് ഉത്തർപ്രദേശിന്റെ നിർദേശം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6155 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5.63 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ജാഗ്രതക്കും തയാറെടുപ്പിനും സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം നൽകിയിരുന്നു. പനി, ശ്വാസകോശ അണുബാധ എന്നീ ലക്ഷണങ്ങൾ കൂടുതലായി കാണുന്ന പ്രദേശങ്ങൾ പ്രത്യേകമായി നിരീക്ഷിക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി നടത്തിയ ഓൺലൈൻ അവലോകന യോഗത്തിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു.
ഒമിക്രോൺ വകഭേദങ്ങളാണ് വ്യാപനത്തോത് ഉയർത്തുന്നത്. ഗുരുതരാവസ്ഥക്ക് സാധ്യതയില്ല. ആശുപത്രിയിൽ കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണത്തിൽ വർധനവൊന്നുമില്ല. അതേസമയം, സാമ്പിൾ പരിശോധനയുടെ കാര്യത്തിൽ ദേശീയ ശരാശരിയേക്കാൾ താഴെയാണ് 23 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളെന്ന കാര്യം കണക്കിലെടുക്കണം. കോവിഡ് കേസുകൾ തുടർച്ചയായി ഉയരുന്നതാണ് നിലവിലെ സാഹചര്യമെന്നും കഴിഞ്ഞ ദിവസം നടന്ന കോവിഡ് അവലോകന യോഗത്തിൽ വിലയിരുത്തലുണ്ടായിരുന്നു.