ഭോപ്പാല്‍: തിളച്ച പരിപ്പുകറിയില്‍ വീണ് അഞ്ചുവയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. മധ്യപ്രദേശിലാണ് സംഭവം. സ്‌കൂളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനിടെയാണ് കുട്ടി തിളച്ച പരിപ്പുകറിയില്‍ വീണത്. ഉച്ചഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് ഉണ്ടായ തള്ളലില്‍ കുട്ടി തിളച്ച പരിപ്പുകറിയുടെ പാത്രത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ തേജേശ്വരിക്കാണ് പൊള്ളലേറ്റത്. ബാന്‍സ്ലയിലെ പ്രൈമറി സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം.
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തേജേശ്വരി മറ്റ് കുട്ടികള്‍ക്കൊപ്പം ഭക്ഷണം സ്വീകരിക്കാന്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്നു. കുട്ടികള്‍ മുന്നിലെത്താന്‍ പരസ്പരം ഉന്താനും തള്ളാനും തുടങ്ങിയെന്ന് അധികൃതര്‍ പറഞ്ഞു. കുട്ടി നിയന്ത്രണം വിട്ട് പരിപ്പുകറിയുടെ പാത്രത്തില്‍ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.