ന്യൂഡൽഹി ∙ ഗോമൂത്രം മനുഷ്യർ നേരിട്ട് ഉപയോഗിക്കുന്നത് അപകടകരമാണെന്ന് പഠനം. അപകടകരമായ ബാക്ടീരിയയുള്ള ഗോമൂത്രം മനുഷ്യർ നേരിട്ടു സേവിച്ചാൽ ഗുരുതരമായ അസുഖങ്ങളുണ്ടാകുമെന്ന് ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐവിആർഐ) റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഐവിആർഐ ഗവേഷകനായ ഭോജ് രാജ് സിങ്ങും ഒരു കൂട്ടം പിഎച്ച്ഡി വിദ്യാർഥികളും ചേർന്നാണ് പരീക്ഷണം നടത്തിയത്. ഇ–കോളി സാന്നിധ്യമുള്ള ഏകദേശം 14 തരം ബാക്ടീരിയകൾ ഗോമൂത്രത്തിൽ ഉണ്ടെന്നാണ് കണ്ടെത്തൽ. ഇത് ഉദരസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു.
ഗോമൂത്രം പരിശുദ്ധമാണെന്ന വിശ്വാസം അംഗീകരിക്കാൻ ആകില്ല. ഏതൊരു സാഹചര്യത്തിലും ഗോമൂത്രം മനുഷ്യ ഉപഭോഗത്തിന് ശുപാർശ ചെയ്യാനാകില്ല. ശുദ്ധീകരിച്ച ഗോമൂത്രത്തിൽ ബാക്ടീരിയ ഇല്ലെന്ന് ചിലർ വാദം ഉന്നയിക്കുന്നുണ്ട്. ഇതിൽ കൂടുതൽ പഠനം നടത്തുമെന്നും ഭോജ് രാജ് സിങ് പറഞ്ഞു. കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ അനുമതിയില്ലാതെ രാജ്യത്തെ വിപണികളിൽ ഗോമൂത്രം വിൽപന നടത്തുന്നുണ്ടെന്ന് ഐവിആർഐ മുൻ ഡയറക്ടർ ആർ.എസ്. ചൗഹാൻ പറഞ്ഞു.