തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളിലും സര്‍ക്കാര്‍,എയ്ഡഡ് കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്സാക്കി ഉത്തരവായി. ശ്യാം ബി മേനോന്‍ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ പ്രധാന ശുപാര്‍ശകളിലൊന്നാണ് നടപ്പാക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും, ട്രെയ്‌നിംഗ് കോളേജുകളിലും, ലോ കോളേജുകളിലും, സംസ്‌കൃത കോളേജുകളിലും, അറബിക് കോളേജുകളിലും, വിവിധ സര്‍വ്വകലാശാലകളിലും അധ്യാപക നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധിയാണ് 50 വയസ്സായി നിശ്ചയിച്ച് ഉത്തരവായത്. നിലവില്‍ ഇവിടെയെല്ലാം നാല്പത് വയസ്സാണ് അധ്യാപക നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി.
എന്നാല്‍ അധ്യാപക നിയമനങ്ങള്‍ക്ക് ബാധകമായ യുജിസി മാനദണ്ഡങ്ങളില്‍ ഉയര്‍ന്ന പ്രായപരിധി നിഷ്‌ക്കര്‍ഷിക്കുന്നില്ല. ഇക്കാര്യത്തില്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടും കോളേജ് അധ്യാപക നിയമനങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കണമെന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശയും പരിഗണിച്ചാണ് തീരുമാനം.