ന്യൂഡൽഹി∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തിറങ്ങാൻ എൻസിപി. പ്രതിപക്ഷ ഐക്യത്തിനുവേണ്ടി കഴിഞ്ഞ ദിവസം എൻസിപി നേതാവ് ശരദ് പവാർ, ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ, കർണാടകയിൽ മത്സരിക്കുമെന്ന് എൻസിപി അറിയിച്ചത് കോൺഗ്രസിനു വലിയ തിരിച്ചടിയായിരിക്കുകയാണ്. 40–45 സീറ്റുകളിൽ മത്സരിക്കുമെന്നാണ് എൻസിപി അറിയിച്ചിരിക്കുന്നത്.
നിലവിൽ ബിജെപി–കോൺഗ്രസ്–ജെഡിഎസ് ത്രികോണ മത്സരമാണ് കർണാടകയിൽ നടക്കുന്നത്. ദേശീയ പാർട്ടിയെന്ന പദവി വീണ്ടെടുക്കേണ്ടതുണ്ടെന്നും അതിനാണു മത്സര രംഗത്തിറങ്ങുന്നതെന്നും മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ അറിയിച്ചു. അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട ദേശീയ പാർട്ടികളുടെ പട്ടികയിൽനിന്ന് എൻസിപി പുറത്തായിരുന്നു. മണിപ്പുർ, ഗോവ, മേഘാലയ എന്നിവിടങ്ങളിൽ സംസ്ഥാന പാർട്ടി പദവിയും നഷ്ടമായി. എൻസിപിയുടെ ചിഹ്നമായ അലാം ക്ലോക്ക് ചിഹ്നത്തിൽ തന്നെയായിരിക്കും കർണാടകയിൽ മത്സരിക്കുന്നത്.
അതേസമയം, മഹാരാഷ്ട്ര ഏകീകരൺ സമിതിയുമായി ചേർന്ന് മത്സരിക്കാനും നീക്കം നടക്കുന്നുണ്ട്. കർണാടക–മഹാരാഷ്ട്ര അതിർത്തിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് മഹാരാഷ്ട്ര ഏകീകരൺ സമിതി. ബിജെപിയുടെ അഴിമതി ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രചാരണം നടത്തുന്ന കോൺഗ്രസിനു വലിയ തിരിച്ചടിയാണ് എൻസിപിയുടെ രംഗപ്രവേശം.