ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിരിന് ഐപിഎല്ലില്‍ മിന്നുന്ന ജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ 23 റണ്‍സിനാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. ഇതോടെ ഈ ഐപിഎല്‍ സീസണില്‍ ഡല്‍ഹിയുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. വിരാട് കോഹ്ലിയുടെ അര്‍ദ്ധസെഞ്ച്വറിയുടെ മികവില്‍ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ആറിന് 174 റണ്‍സെടുത്തു. 34 പന്തില്‍ 50 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. ആറ് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്‌സ്. ഫാഫ് ഡുപ്ലെസി(22), മഹിപാല്‍ ലോംറോര്‍(26), ഗ്ലെന്‍ മാക്‌സ്വെല്‍(24) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഒരവസരത്തില്‍ 12.2 ഓവറില്‍ രണ്ടിന് 117 എന്ന ശക്തമായ നിലയിലായിരുന്നു ബാംഗ്ലൂര്‍. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഡല്‍ഹി ബോളര്‍മാര്‍, ബാംഗ്ലൂരിനെ വന്‍സ്‌കോര്‍ നേടുന്നതില്‍നിന്ന് തടയുകയായിരുന്നു. കുല്‍ദീപ് യാദവ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ് തുടങ്ങിയ ഡല്‍ഹിയുടെ ടോപ് ഓര്‍ഡര്‍ വെയ്ന്‍ പാര്‍ണെലിന്റെയും മുഹമ്മദ് സിറാജിന്റെയും മുന്നില്‍ തകരുന്നതാണ് കണ്ടത്. 50 റണ്‍സെടുത്ത മനീഷ് പാണ്ഡെയും പുറത്താകാതെ 23 റണ്‍സെടുത്ത ആന്റിച്ച് നോര്‍ട്ട്‌ജെയുമാണ് ഡല്‍ഹിയുടെ തോല്‍വിക്ക് ആക്കം കുറച്ചത്. അക്ഷര്‍ പട്ടേല്‍ 21 റണ്‍സെടുത്തു.