ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകുന്നതിന് സ്ഥിരമായ ഇളവ് ലഭിച്ചു. ഇതോടെ കോടതി നടപടികളില്‍ നേരിട്ട് ഹാജരാകാതെ കേസിലെ വാദം കേള്‍ക്കാം. എന്നാല്‍ നടപടിക്രമങ്ങള്‍ക്കിടയില്‍ ആവശ്യമുണ്ടെങ്കില്‍ ഹാജരാകാന്‍ കോടതിക്ക് ആവശ്യപ്പെടാം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുണ്ഡെ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസിലാണ് തീരുമാനം.
2014ലെ തിരഞ്ഞടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗങ്ങളിലൊന്നില്‍ മഹാത്മാഗാന്ധിയുടെ മരണത്തിന് ഉത്തരവാദി ആര്‍എസ്എസാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുണ്ഡെ മാനനഷ്ടക്കേസ് നല്‍കിയത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിലെ പരിപാടിയിലായിരുന്നു പരാമര്‍ശം. കേസിന്റെ നടപടികള്‍ 2014 മുതല്‍ മഹാരാഷ്ട്രയിലെ ഭിവണ്ടിയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ നടന്നുകൊണ്ടിരിക്കുകയാണ്.