ഖാർത്തൂം: സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ അർധ സൈനിക വിഭാഗവും സൈന്യവും തമ്മിൽ തുടരുന്ന കനത്ത ഏറ്റുമുട്ടലിന് താൽകാലിക ആശ്വാസം. ഇരുവിഭാഗങ്ങൾ തമ്മിൽ മൂന്നു മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ നിർദേശത്തെ തുടർന്നാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
ഞായറാഴ്ച മുതൽ എല്ലാ ദിവസവും പ്രാദേശിക സമയം വൈകിട്ട് നാലു മുതൽ മൂന്ന് മണിക്കൂർ നേരത്തേക്കാണ് വെടിനിർത്തൽ നടപ്പാക്കുക. അടിയന്തര മാനുഷിക ആവശ്യങ്ങൾക്ക് സുരക്ഷിത പാത ഒരുക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് സുഡാൻ സൈന്യം അറിയിച്ചു.
അർധ സൈനിക വിഭാഗവും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടതിനെ തുടർന്ന് സുഡാനിലെ എല്ലാ പ്രവർത്തനങ്ങളും യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) താൽകാലികമായി നിർത്തിവച്ചിരുന്നു.
ശനിയാഴ്ചയാണ് അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർ.എസ്.എഫ്) സായുധ സേനയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള വെടിവെപ്പിലും ബോംബാക്രമണത്തിലും 56 പേർ കൊല്ലപ്പെടുകയും 595 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.
തലസ്ഥാന നഗരമായ ഖാർത്തൂം, മർവ, അൽ അബൈദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ആർ.എസ്.എഫ് ഏറ്റെടുത്തതായാണ് റിപ്പോർട്ട്. പ്രസിഡന്റിന്റെ കൊട്ടാരം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ആര്.എസ്.എഫ് അവകാശപ്പെട്ടിരുന്നു.
അതേസമയം, സുഡാനിലെ പ്രതികൂല സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർക്ക് സുരക്ഷ മുന്നറിയിപ്പ് നൽകി കേന്ദ്ര നയതന്ത്ര മന്ത്രാലയം. പരമാവധി മുൻകരുതലുകളെടുക്കാനും വീടിനുള്ളിൽ തന്നെ തുടരാനുമാണ് എംബസി നിർദേശം. പുതിയ നിർദേശങ്ങൾ വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും മന്ത്രാലയം ഞായറാഴ്ച ട്വീറ്റ് ചെയ്തു. ഔദ്യോഗിക കണക്കുകൾ പ്രകാരം 4000 ഇന്ത്യക്കാരാണ് സുഡാനിലുള്ളത്. ഇതിൽ 1,200 പേർ സ്ഥിരതാമസമാക്കാരാണ്.