കാന്‍സാസ്: സുഹൃത്തിന്റെ വീട്ടില്‍ പോയ സഹോദരങ്ങളെ കൂട്ടിക്കൊണ്ട് വരാന്‍ പോയ 16 കാരന് വീട് മാറിപ്പോയതിന് പിന്നാലെ തലയ്ക്ക് വെടിയേറ്റു. കാന്‍സാസിലാണ് സംഭവം. റാല്‍ഫ് യാള്‍ എന്ന കറുത്ത വര്‍ഗക്കാരനായ പതിനാറുകാരനാണ് തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിലുള്ളത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് മിസൌറി പൊലീസ് വിശദമാക്കി. റാല്‍ഫിനെ വെടിവച്ചത് ആരാണെന്നത് ഇനിയും വ്യക്തമായിട്ടില്ല.
തലയില്‍ വെടിയേറ്റ കുട്ടിയുടെ ശരീരത്തിലേക്കും വെടിയേറ്റതിനാല്‍ അബദ്ധത്തിലുണ്ടായതല്ല വെടിവയ്പെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. വ്യാഴാഴ്ച വൈകുന്നേരമാണ് വെടി വയ്പുണ്ടായത്. ഇരട്ട സഹോദരന്മാരെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന് പോയ റാല്‍ഫിന് വീട് മാറിപ്പോയിരുന്നു. വീട്ടിലെ അംഗങ്ങളില്‍ ആരെങ്കിലുമാണോ വെടിയുതിര്‍ത്തതെന്ന് പൊലീസ് വിശദമാക്കിയിട്ടില്ല. ഒന്നിലധികം തവണ വെടിയേറ്റ റാല്‍ഫ് അപകട നില ഇനിയും തരണം ചെയ്തിട്ടില്ല. ജീവന് ആപത് സാധ്യതയുള്ള മുറിവുകളാണ് 16കാരന് ഏറ്റിട്ടുള്ളതെന്നാണ് പൊലീസുകാര്‍ വിശദമാക്കുന്നത്.
വെളുത്ത വര്‍ഗക്കാരനായ ഒരാളാണ് വെടിയുതിര്‍ത്തതെന്നാണ് റാല്‍ഫിന്‍റെ കുടുംബം ആരോപിക്കുന്നത്. വെടിവയ്പിന് വര്‍ണവെറി കാരണമായിട്ടുണ്ടോയെന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. മേലത്തെ നിലയിലെ ഡോല്‍ ബെല്ലിന് പകരം താഴെ നിലയിലെ ഡോല്‍ ബെല്ലാണ് 16കാരന്‍ അടിച്ചതെന്നാണ് സൂചന. വാതില്‍ തുറന്ന ഉടലന്‍ റാല്‍ഫിനെ വെടിയേല്‍ക്കുകയായിരുന്നു. വീട്ടിലേക്ക് തിരികെ ഓടാനുള്ള ശ്രമിക്കുന്ന നിലയിലാണ് അവശനായ റാല്‍ഫിനെ കണ്ടെത്തിയത്.
രാത്രി 10 മണിയോടെയാണ് പൊലീസ് വെടിവയ്പിനേക്കുറിച്ച് അറിയുന്നത്. സംഭവത്തില്‍ സംശയിക്കുന്ന ഒരാളെ ഇതിനോടകം കസ്റ്റഡയിലെടുത്തതായും സൂചനകളുണ്ട്. വെടിവയ്പില്‍ രൂക്ഷമായ പ്രതിഷേധമാണ് നഗരത്തിലുയരുന്നത്. ഹോളിവുഡ് താരങ്ങള്‍ അടക്കം റാല്‍ഫിന് നേരെയുണ്ടായ വെടിവയ്പിനെ അപലപിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്.