കൊച്ചി: അരിക്കൊമ്പനെതിരെ പറമ്പിക്കുളം വീണ്ടും സമരത്തിലേക്ക്. നെൻമാറ എം എൽ എ. കെ ബാബുവിൻ്റെ നേതൃത്വത്തിൽ നാളെ സത്യഗ്രഹം ആരംഭിക്കും. പറമ്പിക്കുളം ഡിഎഫ്ഒ ഓഫീസിനു മുന്നിലാണ് ജനകീയ സമിതിയുടെ സമരം. ഒരാഴ്ച മുമ്പ് ജനകീയ സമിതി സമരം താത്കാലികമായി നിർത്തി വെച്ചിരുന്നു.
അതേസമയം അരിക്കൊമ്പൻ ആനയെ മയക്കുവെടിവെച്ച് പിടികൂടൂണമെന്ന മറ്റൊരു ഹർജി ഇന്ന് സുപ്രീം കോടതിയിയുടെ പരിഗണനയിലേക്ക് വരും. അരിക്കൊമ്പനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നിയമിച്ച വിദഗ്ധ സമിതിയിൽ വിദഗ്ദരില്ലെന്ന വാദമാണ് ഹർജിക്കാർ ഉന്നയിക്കുന്നത്. അഭിഭാഷകൻ വി കെ ബിജുവാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹർജി പരാമർശിക്കുന്നത്.അരിക്കൊമ്പന്‍ ദൗത്യത്തിൽ ഇടപെടില്ലെന്ന സുപ്രീംകോടതി തീരുമാനത്തോടെ സർക്കാർ തീരുമാനം നിർണായകമാകും. ഹൈക്കോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കും. പറമ്പിക്കുളത്തിന് പുറമെ മറ്റ് സ്ഥലങ്ങൾ നിർദേശിക്കാൻ ഉണ്ടെങ്കിൽ അറിയിക്കാനാണ് ഹൈക്കോടതി നിർദേശം. മൂന്ന് സ്ഥലങ്ങൾ കൂടി സർക്കാരിന്‍റെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. ഒരുപക്ഷേ തീരുമാനം അറിയിക്കാൻ സർക്കാർ ഹൈക്കോടതിയിൽ കൂടുതൽ സമയം ചോദിച്ചേയ്ക്കും.