തിരുവനന്തപുരം: എക്സൈസ് നേതൃത്വത്തിൽ സംസ്ഥാനത്ത് ആറിടങ്ങളിൽ നടത്തിയ റെയ്ഡിൽ പിടികൂടിയത് ലഹരി ഉൽപന്നങ്ങളുടെ വൻ ശേഖരം. റെയ്ഡിൽ 60 മില്ലിഗ്രാം എൽ.എസ്.ടി സ്റ്റാമ്പും ഒരു കിലോയോളം കഞ്ചാവും 5.27 ഗ്രാം എം.ഡി.എം.എയും അഞ്ച് കിലോ ഗോവന്‍ മദ്യവുമാണ് പിടികൂടിയത്. കഞ്ചാവ് കച്ചവടക്കാരിയായ സ്ത്രീ ഉൾപ്പെടെ എട്ടു പേർ കസ്റ്റഡിയിലായി.
മൂലമറ്റം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും കാഞ്ഞാർ-വാഗമൺ റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് 60 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ് കണ്ടെടുത്തത്. എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ കുരീക്കാട് വില്ലേജിൽ പൂച്ചക്കുഴി കവലക്കരയിൽ വെട്ടിക്കാട് വീട്ടിൽ എം. അർജുൻ(20), എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ കുരീക്കാട് വില്ലേജിൽ ചോറ്റാനിക്കര വെങ്ങാലിൽ വീട്ടിൽ പി. നവനീത് (19) എന്നിവരിൽ നിന്നാണ് എൽ.എസ്.ഡി സ്റ്റാമ്പ് കണ്ടെടുത്തത്.
20 വർഷംവരെ കഠിന തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. വാഗമൺ ഭാഗത്തുള്ള റിസോർട്ടുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി സംഘടിപ്പിക്കുന്നതിനാണ് എൽ.എസ്.ഡി കൊണ്ടുവന്നതെന്ന് ഇരുവരും പറഞ്ഞതായി എക്സൈസ് അറിയിച്ചു. പ്രതികൾ ഇരുവരും മുട്ടം സബ്ജയിൽ റിമാൻഡിലാണ്. പ്രിവന്റിവ് ഓഫീസര്‍മാരായ ആർ. പ്രകാശ്, വി.എസ്. നിസ്സാര്‍, പ്രിവന്റിവ് ഓഫീസര്‍(ഗ്രേഡ്) കെ.യു. കുര്യന്‍, സിവിൽ എക്സൈസ് ഓഫീസർമാരായ അബിന്‍, ഷാജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം. അംബിക എന്നിവർ സംബന്ധിച്ചു.
തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെകടർ കെ.കെ. ഷിജിൽ കുമാറിെൻറ നേതൃത്വത്തിൽ പരിയാരം കോരൻപീടിക ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 211 ചെറു പൊതികളിലായി വിൽപനയ്ക്കായി സൂക്ഷിച്ച രണ്ട് കിലോ 70 ഗ്രാം കഞ്ചാവുമായി ഓണപ്പറമ്പ് സ്വദേശി മുഹമ്മദ് അസ്ലം (30) അറസ്റ്റ് ചെയ്തു. ഉദ്ദേശം 10 ഗ്രാം വീതം കഞ്ചാവ് അടങ്ങിയ 211 പൊതികളാണ് ഇയാളിൽ നിന്നും കണ്ടെടുത്തതെന്ന് എക്സൈസ് അറിയിച്ചു.
കർണ്ണാടകയിലെ പെരിയപട്ടണം എന്ന സ്ഥലത്ത് നിന്നാണ് പ്രതി കഞ്ചാവ് കൊണ്ടുവന്നത്. തളിപ്പറമ്പ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ആർ. സജീവ്, അഷറഫ് മലപ്പട്ടം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു കെ.വി. മുഹമ്മദ് ഹാരീസ് . വിനീത് പി. ആർ. ഡ്രൈവർ അജിത്ത് എന്നിവർ സംബന്ധിച്ചു.
കാട്ടാക്കട റെയിഞ്ച് പരിധിയിൽ അരുവിക്കര മൈലാടുംപാറ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിയിരുന്ന കിഴക്കേക്കര പുത്തൻവീട്ടിൽ 45 വയസുള്ള വത്സലയെ കാട്ടാക്കട റെയിഞ്ച് ഇൻസ്പെക്ടർ പാർട്ടിയും പിടികൂടി ഇവരിൽനിന്ന് 2.1 കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ റേഞ്ച് ഇൻസ്പെക്ടർ വി.എൻ. മഹേഷ്, പ്രിവന്റിവ് ഓഫീസര്‍ ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത്, വിനോദ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വീവ, ഡ്രൈവർ അനിൽകുമാർ പങ്കെടുത്തു.
ആലപ്പുഴ ചേർത്തലയിൽ മുഹമ്മ സ്വദേശി രാജീവ്(42)നെ 2.6 കിലോഗ്രാം കഞ്ചാവുമായി എക്സെസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നിന് അടിമയായ ഇയാൾ ലഹരി ഉപയോഗത്തിനുള്ള പണം കണ്ടെത്തുന്നതിനും ആർഭാടജീവിതം നയിക്കുന്നതിനും വേണ്ടിയാണ് കഞ്ചാവ് വിൽപന തുടങ്ങിയതെന്ന് പറയുന്നു. ആലപ്പുഴ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എസ്. സജീവിന് ലഭിച്ച രഹസ്യത്തെ തുടർന്നാണ് ഇയാൾ കഞ്ചാവുമായി പിടിയിൽ ആയത്.
ചേർത്തല റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ റോയിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എൻ. ബാബു , പ്രിവൻ്റീവ് ഓഫീസർ എൻ. ബാബു, പ്രിവൻ്റീവ് ഓഫീസർ ഷിബു പി. ബെഞ്ചമിൻ, സിവിൽ എക്സൈസ് സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ആർ. രാജീവ്, ബി.എം. ബിയാസ്, കെ.വി. സുരേഷ്, പി. പ്രതീഷ്, ഓഫീസർ വനിതാ സിവിൽ എക്സൈസ് ഓഫീസർ ആർ. രഞ്ജിനി എന്നിവർ സംബന്ധിച്ചു.
പാലക്കാട് ആർ.പി.എഫും സി.ഐ.ബിയും പാലക്കാട് എക്സൈസ് റേഞ്ചും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നു കിലോ കഞ്ചാവ് പിടികൂടി. തൃശ്ശൂർ ചാലക്കുടി സ്വദേശി സച്ചിൻ (26) ആണ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ എൻ. രാജേഷ് പ്രിവൻ്റീവ് ഓഫീസർ മാരായ പി.എസ്. സുമേഷ്, മുഹമ്മദ് റിയാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത്, നൗഫൽ, വനിത സിവിൽ എക്സൈസ് ഓഫീസർ രേണുകദേവി, ആർ.പി.എഫ്/സി.ഐ.ബി സബ് ഇൻസ്പെക്ടർ ദീപക്, എസ്.എം. രവി, അസിസ്റ്റൻറ് ഇൻസ്പെക്ടർമാരായ കെ. സജു, എൻ. അശോക് എന്നിവർ സംബന്ധിച്ചു.
തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ. ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ വെള്ളനാട് വാളിയറ മഴുവൻകോട് ഭാഗത്ത് നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 5.27 ഗ്രാം എം.ഡി.എം.എ യുമായി മഴുവൻകോട് സ്വദേശി വിഷ്ണു (25) എക്സൈസ് കസ്റ്റ്ഡിയിലായി.
തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ. ഷിബുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സുമായി നടത്തിയ പരിശോധനയിൽ ട്രെയിനിൽ യാത്രക്കാർക്ക് വിൽപന നടത്താനായി സൂക്ഷിച്ചിരുന്ന 5.060 ലിറ്റർ ഗോവൻ മദ്യവുമായി നിന്ന ട്രെയിനിലെ താൽക്കാലിക ക്ലീനിംഗ് ജോലിക്കാരനായ ഗുജറാത്ത് സ്വദേശി സുമര സൽമാൻഖാൻ ഇസ്മായിലിനെ പിടികൂടി.
ഈ പരിശോധനാ സംഘത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ.ഷിബുവിനോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ അനിൽ കുമാർ, സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ, സുരേഷ് ബാബു, അക്ഷയ്, സുരേഷ്, ഡ്രൈവർ അനിൽകുമാർ, റെയിൽവേ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജോജി ജോസഫ്, ആർ.പി.എഫ് കോൺസ്റ്റബിള്മാറരായ അരുൺ ബാബു, അജിത് കുമാർ, മൈക്കിൾ എന്നിവരും സംബന്ധിച്ചു.