ദില്ലി: അക്കൗണ്ടിൽ മതിയായ പണമില്ലാതെ, എടിഎമ്മിൽ കയറി പണം പിൻവലിക്കാൻ ശ്രമിച്ചാൽ, പരാജയപ്പെടുന്ന ഇടപാടുകൾക്ക് ഉപയോക്താക്കളിൽ നിന്നും ചാർജ്ജ് ഈടാക്കുമെന്ന മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്.
അക്കൗണ്ടിൽ ബാലൻസ് കുറവായതിനാൽ പണം പിൻവലിക്കാൻ കഴിയാതെവന്നാൽ, അത്തരം എടിഎം ഇടപാടുകൾക്ക് 10 രൂപയും ജിഎസ്ടിയും പിഴയായി ഈടാക്കുമെന്ന് പിഎൻബി വെബ്‌സൈറ്റിൽ പറയുന്നു.. മാത്രമല്ല അധിക നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിനായി എസ്എംഎസ് അലേർട്ടുകളും ബാങ്ക് നൽകിത്തുടങ്ങിയിട്ടുണ്ട്. അടുത്തമാസം മുതൽ് പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നും വെബ്സൈറ്റിൽ പറയുന്നുണ്ട്. 2023 മെയ് 1 മുതലാണ് ഇത്തരത്തിൽ പിഴ ഈടാക്കിത്തുടങ്ങുക.
അതേസമയം അക്കൗണ്ടിൽ മതിയായ ബാലൻസ് ഉണ്ടെങ്കിലും, എടിഎമ്മിൽ നിന്നുള്ള ഇടപാട് പരാജയപ്പെടുകയാണെങ്കിൽ പ്രശ്‌നം പരിഹരിക്കാൻ പ്ഞ്ചാബ് നാഷണൽ ബാങ്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എടിഎം ഇടപാട് പരാജയപ്പെട്ടത് സംബന്ധിച്ച് ഉപഭോക്താക്കൾ പരാതി നൽകിയാൽ, പരാതി ലഭിച്ച് ഏഴു ദിവസത്തിനകം ബാങ്ക് പ്രശ്‌നം പരിഹരിക്കും. മാത്രമല്ല, 30 ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടാൽ, ഉപഭോക്താക്കൾക്ക് പ്രതിദിനം 100 രൂപ നിരക്കിൽ നഷ്ടപരിഹാരം ലഭിക്കും.
എടിഎം ഇടപാട് പരാജയപ്പെടുകയാണെങ്കിൽ, പരാതികൾ ഫയൽ ചെയ്യാൻ പിഎൻബി ഉപഭോക്താക്കൾക്ക് 1800180222, 18001032222 എന്നീ ടോൾ ഫ്രീ നമ്പറുകൾ വഴി കസ്റ്റമർ റിലേഷൻഷിപ്പ് സെന്ററുമായി ബന്ധപ്പെടാം. കൂടാതെ, പിഎൻബി വെബ്‌സൈറ്റ് സന്ദർശിച്ച് ഉപഭോക്താക്കൾക്ക് പങ്കെടുക്കാവുന്ന ഒരു സർവേയും ബാങ്ക് നടത്തുന്നുണ്ട്. ബാങ്കിന്റെ സേവനങ്ങളിലുള്ള അവരുടെ അനുഭവത്തെക്കുറിച്ചും അവയിൽ അവർ തൃപ്തരാണോ അല്ലയോ എന്നതിനെക്കുറിച്ചും ഫീഡ്ബാക്ക് നൽകാൻ കഴിയും.