തിരുവനന്തപുരം ആർസിസിയിൽ ഓട്ടോമേറ്റഡ് സെർവി സ്‌കാൻ, യൂറോ-ബ്രാക്കി തെറാപ്പി യൂണിറ്റ്, ഗാലിയം ജനറേറ്റർ & ലൂട്ടീഷ്യം ചികിത്സ എന്നിവയുടെ ഉദ്ഘാടനവും പേഷ്യന്റ് വെൽഫെയർ & സർവീസ് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ചു.
‘സെർവി സ്‌കാൻ’ കാൻസർ ചികിത്സാ രംഗത്തെ ആർസിസിയുടെ മികച്ച സംഭാവനയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഗർഭാശയഗള കാൻസർ പ്രാരംഭ ദശയിൽത്തന്നെ നിർണയിക്കുന്ന ഓട്ടോമാറ്റിക് ഹൈസ്പീഡ് മെഷീനാണ് സെർവി സ്‌കാൻ.
‘സെർവി സ്‌കാൻ’ കാൻസർ ചികിത്സാ രംഗത്തെ ആർസിസിയുടെ മികച്ച സംഭാവനയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കാൻസർ ചികിത്സാ രംഗത്ത് രാജ്യത്തിന്റെ നെടുംതൂണാണ് റീജിയണൽ കാൻസർ സെന്റർ. കാൻസർ രോഗത്തിന് മുമ്പിൽ നിസഹായതയോടും ആശങ്കയോടും വേദനയോടും വരുന്നവർക്ക് മികച്ച ചികിത്സാ സേവനങ്ങൾ കരുതലോടെ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആർസിസി പ്രവർത്തിച്ച് മുന്നേറുന്നതെന്നും മന്ത്രി വ്യക്തമാക്കി.
റോബോട്ടിക് സർജറി സംവിധാനം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ്. കാൻസർ ചികിത്സയ്ക്കും പ്രതിരോധത്തിനും സംസ്ഥാന സർക്കാർ കാൻസർ സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ട്. ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി വാക്സിനേഷൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വയനാട്, ആലപ്പുഴ ജില്ലകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കും. ആർസിസിയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.