കോട്ടയം: വേനൽച്ചൂടിൽ പാലുറവ വറ്റിയതോടെ ഉൽപാദനത്തിൽ വൻകുറവ്. പ്രതിദിനം 13,000 ലിറ്ററിന്റെ കുറവ് ജില്ലയിലെ പാലുൽപാദനത്തിൽ ഉണ്ടായതായാണ് ക്ഷീര വികസന വകുപ്പിന്റെ കണക്ക്. മാർച്ചിൽ 87,781 ലിറ്ററായിരുന്നു ജില്ലയിലെ പ്രതിദിന ശരാശരി പാലുൽപാദനം. ഫെബ്രുവരിയിൽ ഉൽപാദനം 1,00,781 ലിറ്ററായിരുന്നു. ഇതാണ് മാർച്ചിൽ 87,000 ലിറ്ററായി കുറഞ്ഞത്. ജനുവരിയിൽ 1,30,104 ലിറ്ററായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വലിയ കുറവാണുണ്ടായത്.
കർഷകരിൽനിന്ന് പാൽ സംഭരിക്കാൻ ജില്ലയിൽ 245 ക്ഷീര സഹകരണ സൊസൈറ്റികളാണുള്ളത്. സൊസൈറ്റികളിൽ എത്തിക്കുന്ന പാൽ പ്രാദേശിക വിൽപനക്കുശേഷം മിൽമക്ക് കൈമാറുകയാണ് ചെയ്യുന്നത്.
ഉൽപാദനം കുറഞ്ഞതോടെ ക്ഷീര സംഘങ്ങളിൽനിന്ന് മിൽമക്ക് ലഭിക്കുന്ന പാലിന്റെ അളവും ഗണ്യമായി കുറഞ്ഞു. ഇത് മിൽമയെയും ബാധിക്കുന്നുണ്ട്. സംഭാരമടക്കമുള്ളവയുടെ ഉൽപാദനവും ഇതുമൂലം കുറഞ്ഞു. പലയിടങ്ങളിലും സംഭാരത്തിന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഏപ്രിൽ-മേയ് മാസങ്ങളിലും പാലിന്റെ അളവിൽ കുറവുണ്ടാകുമെന്നാണ് ക്ഷീര വികസന വകുപ്പിന്റെ വിലയിരുത്തൽ. ചൂടുമൂലം പാലുൽപാദനം കുറയുന്നതിനൊപ്പം
പച്ചപ്പുല്ലിന്റെ ക്ഷാമം, വെള്ളത്തിന്റെ കുറവ് എന്നിവയും ഉൽപാദനത്തെ ബാധിക്കുന്നുണ്ട്. ചൂട് കൂടിയതിനെ തുടർന്ന് കാലികളിൽ രോഗങ്ങൾ വർധിച്ചതും തിരിച്ചടിയാണ്. കുറവ് ക്ഷീരകർഷകരുടെ വരുമാനത്തെയും ബാധിക്കുന്നുണ്ട്. വരുമാനം കുറഞ്ഞതോടെ കാലിത്തീറ്റ, വയ്ക്കോൽ, പരുത്തിക്കുരു എന്നിവ വാങ്ങാൻ ക്ഷീരകർഷകർ ബുദ്ധിമുട്ടുകയാണ്. താപനില ഉയർന്നത് കാലികളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി മൃഗസംരക്ഷണ വകുപ്പും പറയുന്നു. ഈ സാഹചര്യത്തിൽ ക്ഷീര കർഷകർ മുൻകരുതൽ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പും നൽകി.
വേനൽക്കാലത്ത് കാലികളുടെ തീറ്റയിൽ പെട്ടെന്ന് വ്യതിയാനം വരാതെ ശ്രദ്ധിക്കണമെന്ന് ഇവർ പറയുന്നു. അത്യാവശ്യമെങ്കിൽ പടിപടിയായി മാത്രം തീറ്റയിൽ മാറ്റംവരുത്തണം. വേനൽക്കാല ഭക്ഷണത്തിൽ ഊർജദായകമായ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടാൻ പരുത്തിക്കുരു, സോയാബിൻ എന്നിവ ഉൾപ്പെടുത്തണം. പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകൾ, ഈർക്കിൽ കളഞ്ഞ് മുറിച്ച ഓല എന്നിവ നൽകാം. ധാതുലവണങ്ങളും വിറ്റാമിൻ മിശ്രിതവും നൽകണം. വേനൽക്കാലത്ത് പേൻ, ഉണ്ണി, ചെള്ള് എന്നിവയെ നിയന്ത്രിച്ചില്ലെങ്കിൽ ഗുരുതര രോഗങ്ങൾ പരക്കാൻ സാധ്യതയുണ്ട്.
ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണം. വെയിലത്ത് തുറസായ സ്ഥലങ്ങളിൽ കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്. നല്ല തണലുള്ള സ്ഥലത്ത് മാത്രം നിർത്തണം. അമിതമായ ഉമിനീരൊലിപ്പിക്കൽ, തളർച്ച, പൊള്ളൽ തുടങ്ങിയ സൂര്യാതപത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും വകുപ്പ് അധികൃതർ നിർദേശിച്ചു.
ക്ഷീരമേഖലയിൽ നിന്ന് കൊഴിഞ്ഞുപോക്ക്
കോട്ടയം: കോവിഡ് കാലത്ത് ക്ഷീര മേഖലയിലേക്ക് വലിയതോതിൽ കർഷകർ എത്തിയെങ്കിലും പലരും പിന്മാറുകയാണ്. പരിപാലനച്ചെലവ് വർധിച്ചതാണ് കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം. കാലിത്തീറ്റ വിലയിലെ വർധനയാണ് പ്രധാന തിരിച്ചടി. പ്രതിസന്ധികൾ വർധിച്ചതോടെ വലിയതോതിൽ പശുക്കളെ വളർത്തിയിരുന്ന കർഷകർ പശുക്കളുടെ എണ്ണവും കുറച്ചു. ചെറുകിട ക്ഷീരമേഖലയിലെ കർഷകരെ സംരക്ഷിക്കാൻ നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. വൻകിട കോർപറേറ്റുകൾ ക്ഷീര മേഖലയിലെ വിപണി കൈയടക്കുന്ന സ്ഥിതിയാണ്. സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികളിൽ പലതും വൻകിടക്കാർക്കാണെന്ന് കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി എബി ഐപ് പറഞ്ഞു.
പ്രതിദിനം 40 ലിറ്ററിന് മുകളിൽ പാൽ അളക്കുന്ന കർഷകർക്ക് (ഫാം പോലെയുള്ളവക്ക്) 40 ശതമാനം ഇൻസെന്റിവാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ചെറുകിട കർഷകരാണ് കുടുതലുള്ളത്. ഇത് പരിഗണിക്കാതെയാണ് സർക്കാർ തീരുമാനം. പാൽ വില കൂട്ടുന്നതല്ലാതെ കർഷകർക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. ജില്ലയിലെ 20 ലിറ്ററിൽ താഴെ പാൽ അളക്കുന്ന ചെറുകിട കർഷകർക്ക് പ്രഖ്യാപിച്ച ഇൻസെന്റിവ് ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.