കാവൽക്കാരെ കബളിപ്പിച്ച് തടവറകളിൽ നിന്ന് രക്ഷപ്പെടാൻ തടവുകാർ ഉപയോഗിക്കുന്ന വിവിധ സൂത്രങ്ങളും ടെക്നിക്കുകളും വർഷങ്ങളായി സിനിമകളിൽ നാം കാണാറുള്ളതാണ്. പലപ്പോഴെങ്കിലും ഇത്തരം സിനിമകൾ തടവു പുള്ളികൾക്ക് രക്ഷപ്പെടാൻ പ്രചോദനവും നൽകിയിട്ടുണ്ട്. എന്നാൽ ഈ സിനിമാകഥകളെയെല്ലാം അമ്പരപ്പിക്കുന്ന ഒരു ജയിൽചാട്ടത്തിന്റെ കഥ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ബ്രയാൻ ഫ്രാൻസിസ്കോ റോമൻ എന്ന 26 വയസ്സുകാരൻ യുവാവ് ആണ് ഇത്തരത്തിൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു ജയിൽ ചാട്ടം നടത്തിയത്.
തന്നോടൊപ്പം തടവറയിൽ ഉണ്ടായിരുന്ന സഹ തടവുകാരനെ മോചിപ്പിക്കാനുള്ള ഉത്തരവ് വന്നതോടെയാണ് റോമൻ ഇത്തരത്തിൽ ഒരു ആൾമാറാട്ടം നടത്തി രക്ഷപ്പെട്ടത്. സഹതടവുകാരനെ മോചിപ്പിക്കാൻ പൊലീസ് എത്തിയപ്പോൾ ആണ് ഇയാൾ പൊലീസിനെ ബുദ്ധിപൂർവം കബളിപ്പിച്ചത്. യഥാർത്ഥത്തിൽ ജയിൽ മോചിതൻ ആകേണ്ടിയിരുന്ന തടവുപുള്ളി ഈ സമയത്ത് ഉറങ്ങുകയായിരുന്നു. ഇത് മുതലെടുത്ത റോമൻ ഒറ്റ നോട്ടത്തിൽ ആർക്കും തിരിച്ചറിയാനാകാത്ത വിധം സഹതടവുകാരന്റെ വേഷം കെട്ടിയാണ് രക്ഷപ്പെട്ടത്.
ജയിലിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് സഹ തടവുകാരന്റെ താക്കോലുകൾ, വാലറ്റ്, ഐഡി, ഡെബിറ്റ് കാർഡ് തുടങ്ങിയ എല്ലാ സാധനങ്ങളും ഇയാൾ കൈവശപ്പെടുത്തിയിരുന്നു. കൂടാതെ ജയിൽ നിന്ന് പുറത്തിങ്ങുന്നതിന് മുമ്പ് സഹ തടവുകാരന്റെ ഒപ്പും ഇയാൾ വ്യാജമായി ഇട്ടു. എല്ലാകാര്യങ്ങളും തടസ്സമില്ലാതെ നടന്നതിനാൽ, പുറത്തുവിടേണ്ട സമയത്ത് പൊലീസിന് സംശയമൊന്നും തോന്നിയില്ല.
എന്നാൽ, പിന്നീട് സഹ തടവുകാരൻ, പൊലീസിനെ സമീപിച്ച് തന്നെ എപ്പോൾ വിട്ടയക്കും എന്ന് ചോദിച്ചപ്പോഴാണ് എല്ലാവരും കാര്യം അറിയുന്നത്. കൗലിറ്റ്‌സ് കൗണ്ടി ഷെരീഫ് ഓഫീസിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പ്രസ്താവന പ്രകാരം, രണ്ട് തടവുകാർക്കും സമാനമായ ശാരീരിക സവിശേഷതകൾ ഉള്ളതിനാലാണ് ആശയക്കുഴപ്പം ഉണ്ടായതെന്നാണ് പറയുന്നത്. ജയിൽ ചാടിയ റോമനെതിരെ രക്ഷപ്പെടൽ, ക്രിമിനൽ ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, മോഷണം എന്നീ കുറ്റങ്ങൾ ചേർത്ത് വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.