കോഴിക്കോട്: കോഴിക്കോട് വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ വ്യാപാരി പിടിയിലായി. കോഴിക്കോട് എസ് എം സ്ട്രീറ്റിലെ വ്യാപാരിയായ കല്ലായി ഫിദ മൻസിൽ ഹൗസിൽ ഷബീർ പി. പി. ആണ് കഴിഞ്ഞ ദിവസം ടൗൺ പൊലീസിന്റെ പിടിയിലായത്. എസ് എം സ്ട്രീറ്റിലെ സി.ആർ.7 എന്ന ഷോപ്പ് നോക്കി നടത്തിപ്പുകാരനായ ഇയാൾ സ്ഥാപന ഉടമയുടെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.
വ്യാജ ഒപ്പിട്ട് ഉണ്ടാക്കിയ എഗ്രിമെൻറ് ഉപയോഗിച്ച് സ്ഥാപനം പിടിച്ചെടുത്ത് 50 ലക്ഷത്തോളം രൂപ അന്യായമായി ലാഭമുണ്ടാക്കി എന്ന പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എഗ്രിമെന്‍റ് ഒറിജനലാണെന്ന് കാണിച്ചാണ് ഇയാള്‍ കട കൈവശം വച്ചത്. ബിൽഡിംഗ് ഉടമ നൽകിയ പരാതിയിൽ ടൗൺ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ബൈജു. കെ. ജോസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പക്ടർ ജിബിൻ. ജെ. ഫ്രഡി, എസ്.സി.പി.ഒ. രാജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ ഷബീറിനെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് ടൗൺ പൊലീസ് സ്റ്റേഷനിലും കസബ പൊലീസ് സ്റ്റേഷനിലും വേറെയും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.