ചേർത്തല: ചെറിയ വാഹനങ്ങളിൽ നിന്നും ബാറ്ററിയും, മറ്റ് അനുബന്ധ ഉപകരണങ്ങളും മോഷണം നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിലായി. കഴിഞ്ഞ ദിവസം മിനിലോറിയുടെ ഗിയർബോക്സും എൻജിനും മോഷ്ടിച്ച് ആക്രിക്കടയിൽ വിൽപ്പന നടത്തിയ മൂന്നംഗസംഘത്തിലെ ഒരാളെയാണ് ചേർത്തലപൊലീസ് അറസ്റ്റു ചെയ്തത്. ചേർത്തല നഗരസഭ 8–ാംവാർഡ് കുളത്തറക്കാട്ട് പ്രജീഷ്(42)നെയാണ് ചേർത്തല എസ്ഐ വി. ജെ. ആന്റണിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
ഞായറാഴ്ച രാത്രിയിൽ ചേർത്തല സെന്റ് മേരീസ് പാലത്തിനു സമീപത്തുള്ള പട്ടണക്കാട് പെരുമറ്റത്ത് ബിജുവിന്റെ ഉടമസ്ഥതയിലുള്ള അനീഷ വർക്ക് ഷോപ്പിലാണ് മോഷണം നടത്തിയത്. ശനിയാഴ്ച രാത്രിയിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന മിനിലോറിയുടെ എൻജിനും ഗിയർബോക്സുമാണ് ഞായറാഴ്ച മൂന്നംഗ സംഘം മോഷ്ടിച്ചത്. ബിജു ചേർത്തല പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് ആക്രിക്കടകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തുറവൂരുള്ള ആക്രിക്കടയിൽ ഇവർ മോഷ്ടിച്ച വസ്തുക്കൾ വിൽപ്പന നടത്തിയതായി കണ്ടെത്തി. തുടർന്നാണ് ചേർത്തലയിൽ നിന്ന് പ്രജീഷിനെ പൊലീസ് അറസ്റ്റുചെയ്തത്. ഒപ്പമുണ്ടായിരുന്ന നെബു, സജി എന്നിവർക്കാായി അന്വേഷണം ആരംഭിച്ചു.