മുംബൈ: ലഹരി മരുന്ന് കൈവശം വച്ചെന്ന കേസിൽ ഷാർജയിൽ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാൻ പെരേര ജയിൽ മോചിതയായി. കള്ളക്കേസിൽ കുടുക്കിയതാണെന്ന് വ്യക്തമായതോടെയാണ് 25ദിവസത്തെ ജയിൽ വാസത്തിന് ശേഷം മോചിതയായത്. കുടുംബവുമായി വീഡിയോ കോൾ ചെയ്ത ക്രിസാൻ ജയിലിൽ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും വെളിപ്പെടുത്തി
ദുരിതകാലത്തിനൊടുവിൽ ജയിലിന് പുറത്തെത്തി അധിക നേരമായില്ല. അമ്മയെയും സഹോദരനെയും വീണ്ടും കണ്ടപ്പോൾ ക്രിസാൻ പെരേര വാക്കുകൾ പൂർത്തിയാക്കാൻ പാടുപെട്ടു. ട്രോഫിക്കുള്ളിൽ ലഹരിമരുന്നുമായി എത്തിയതിനാണ് വിമാനത്താവളത്തിൽ നിന്ന് ഷാർജാ പൊലീസ് ഏപ്രിൽ 1ന് ക്രിസാൻ പെരേരയെ അറസ്റ്റ് ചെയ്യുന്നത്. എന്നാൽ രണ്ട് പേർ ചേർന്ന് മകളെ കുരുക്കിയതാണെന്ന പരാതിയുമായി പിന്നാലെ ക്രിസാന്‍റെ അമ്മ മുംബൈ പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണമാണ് ഇപ്പോൾ മോചനത്തിലേക്ക് നയിച്ചത്.
നടിയുടെ അതേ ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന ആന്‍റെണി പോൾ എന്നയാൾക്ക് നടിയുടെ കുടുംബവുമായി വൈരാഗ്യമുണ്ടായിരുന്നു. ഇയാളുടെ സഹോദരിയും ക്രിസാന്‍റ അമ്മയും ഒരു നായക്കുട്ടിയെ ചൊല്ലി വഴക്കിട്ടിരുന്നു. ഇതേ തുടർന്നാണ് നടിയെ കുരുക്കാൻ ഇയാൾ പദ്ധതിയിട്ടത്. ഇതിനായി രാജേഷ് എന്നയാളെ ടാലന്‍റ് മാനേജർ എന്ന വ്യാജേന നടിയുടെ അടുത്തേക്ക് അയച്ചു. ഒരു ഇംഗ്ലീഷ് വെബ് സീരീസിൽ അവസരമുണ്ടെന്നും ഓഡിഷനായി ഷാർജയിൽ പോവണമെന്നും ഇയാൾ തെറ്റിധരിപ്പിച്ചു. ഒരു ട്രോഫിയും കയ്യിൽ നൽകി ടിക്കറ്റെടുത്ത് യാത്രയാക്കി. പിന്നീട് ആന്‍റണി തന്നെ ഷാർജാ പൊലീസിനെ വിവരം അറിയിച്ചു. നടിയെ വിട്ട് കിട്ടാൻ പണം വേണമെന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തെളിവുകൾ കിട്ടിയതോടെ പ്രതികളെയെല്ലാം മുംബൈ പൊലീസ് പിടികൂടി.
ഷാർജാ പൊലീസിന് കേസ് വിവരങ്ങൾ കൈമാറിയതോടെയാണ് മോചനം സാധ്യമായത്. ജയിലിൽ ശുചിമുറിയിലെ വെള്ളം കൊണ്ട് കോഫി ഉണ്ടാക്കിയതും അലക്ക് സോപ്പുപൊടി കൊണ്ട് മുടി കഴുകേണ്ടി വന്നതും അടക്കം കാര്യങ്ങളും നടി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.