ഇടുക്കി : പുലർത്തെ നാല് മണിയോടെയാരംഭിച്ച അരിക്കൊമ്പൻ ദൗത്യം ഇന്ന് താൽക്കാലികമായി അവസാനിപ്പിച്ചു. രാവിലെ മുതൽ തിരച്ചിൽ നടത്തിയെങ്കിലും ആനയെവിടെയെന്ന് കണ്ടെത്താൻ വനംവകുപ്പിന് കഴിഞ്ഞില്ല. ഇതോടെ ഉച്ചയോടെ ഉദ്യോഗസ്ഥ സംഘത്തോട് മടങ്ങാൻ വനംവകുപ്പ് നിർദ്ദേശം നൽകുകയായിരുന്നു. ഇതനുസരിച്ച് ഒരു സംഘം മടങ്ങി. നാളെ വീണ്ടും ദൗത്യം ആരംഭിക്കും.
ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വിശദീകരിച്ചു. ദൗത്യസംഘം സ്വതന്ത്രമായി പ്രവർത്തിക്കും. ചൂട് കൂടുതലായതുകൊണ്ടാകാം ഇന്ന് ആനയെ കണ്ടെത്താനാകാതിരുന്നതെന്നാണ് കരുതുന്നത്. ദൗത്യത്തിൽ നിന്ന് പിന്മാറാൻ വനം വകുപ്പ് തീരുമാനിച്ചിട്ടില്ല. ആനയെ കണ്ടെത്തി മയക്കുവെടിവെക്കാനുള്ള ശ്രമം തുടരും. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തെ പിടിക്കാമായിരുന്നുവെന്നും വനംമന്ത്രി വിശദീകരിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് ചിന്നക്കനാലിൽ ജനജീവിതം ദുസ്സഹമാക്കി നാശം വിതച്ച അരിക്കൊമ്പനെ സ്ഥലം മാറ്റാനുള്ള ദൗത്യസംഘത്തിലുള്ളത്. പുലർച്ചെ നാല് മണിയോടെ ആരംഭിച്ച തിരച്ചിലിൽ അരിക്കൊമ്പൻ എന്ന് കരുതുന്ന ആനയെ കണ്ടെങ്കിലും പിന്നീട് ഇത് കാടിനുള്ളിൽ മറഞ്ഞു. വെയിൽ ശക്തമായതിനാൽ ഇനി ആനയെ കണ്ടെത്തി വെടിവെച്ചു മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത മങ്ങിയതോടെയാണ് ദൗത്യം അവസാനിക്കാൻ തീരുമാനിച്ചത്. പിന്നാലെ അരിക്കൊമ്പന് വേണ്ടിയുള്ള ജി പി എസ് കോളർ ബേസ് ക്യാമ്പിൽ തിരികെ എത്തിച്ചിട്ടുണ്ട്.
അരിക്കൊമ്പൻ ദൗത്യത്തിനായി വനം വകുപ്പ് നിശ്ചയിച്ച ചിന്നക്കനാലിൽ നിന്ന് പതിനഞ്ച് കിലോ മീറ്ററോളം അകലെ ശങ്കരപാണ്ഡ്യ മേട് എന്ന സ്ഥലത്താണ് അരിക്കൊമ്പൻ ഇപ്പോഴുള്ളതെന്നാണ് സംശയം. ബുധനാഴ്ച രാത്രി മുതൽ അരിക്കൊമ്പൻ ശങ്കരപാണ്ഡ്യ മേട്ടിൽ ഉണ്ടെന്നും ഇപ്പോഴും അവിടെ തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. ദൗത്യത്തിന് നേതൃത്വം നൽകുന്ന ഹൈറേഞ്ച് സർക്കിൾ സി സി എഫ് ആർ.എസ്. അരുണും ഡോ. അരുൺ സക്കറിയയും ഉൾപ്പെടെ ഉള്ളവർ ശങ്കരപാണ്ഡ്യ മേട്ടിൽ നേരിട്ടെത്തി പരിശോധന നടത്തിയെങ്കിലും നാട്ടുകാർ നൽകിയ വിവരം സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല.