മുംബൈ : അയല്‍വാസിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ നടന്‍ സല്‍മാന്‍ ഖാന് അനുകൂലമായി ഇടക്കാല ഉത്തരവ് നല്‍കാന്‍ മുംബൈ സിറ്റി സിവില്‍ കോടതി വിസമ്മതിച്ചു. മുംബൈയ്ക്ക് സമീപം പന്‍വേലിലെ ഫാം ഹൗസിന് സമീപം ഭൂമി കൈവശമുള്ള കേതന്‍ കക്കാട് എന്നയാള്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സല്‍മാന്‍ നല്‍കിയ സിവില്‍ കേസിലാണ് നടപടി. കക്കാടിനോട് മറുപടി നല്‍കാന്‍ നിര്‍ദേശിച്ച ജഡ്ജി അനില്‍ എച്ച്. ലദ്ദാദ്, വാദം കേള്‍ക്കല്‍ 21ലേക്ക് മാറ്റി. കക്കാടിനെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവു പുറപ്പെടുവിക്കണമെന്നു സല്‍മാന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കക്കാടിന്റെ അഭിഭാഷകര്‍ ഈ ആവശ്യത്തെ എതിര്‍ത്തു. വ്യാഴാഴ്ച വൈകുന്നേരം മാത്രമാണ് തങ്ങള്‍ക്ക് കേസിന്റെ നോട്ടിസ് ലഭിച്ചതെന്നും മുഴുവന്‍ വിവരങ്ങളും പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞു. കേസ് ഫയല്‍ ചെയ്യാന്‍ സല്‍മാന്‍ ഒരു മാസത്തോളം കാത്തിരുന്നെങ്കില്‍ മറുപടി നല്‍കാന്‍ കക്കാടിനും സമയം വേണമെന്നും കക്കാടിന്റെ അഭിഭാഷകന്‍ ആഭാ സിങ് പറഞ്ഞു.
തുടര്‍ന്നാണ് വാദം കേള്‍ക്കല്‍ നീട്ടിയത്. മുംബൈയിലെ ബാന്ദ്രയില്‍ താമസിക്കുന്ന സല്‍മാന്‍ റായ്ഗഡ് ജില്ലയിലെ പന്‍വേലില്‍ ഉള്ള ഫാം ഹൗസില്‍ അവധിക്കാലം ചെലവഴിക്കാറുണ്ട്. മുംബൈ നിവാസി കൂടിയായ കക്കാടിന് സല്‍മാന്റെ ഫാം ഹൗസിനോട് ചേര്‍ന്നുള്ള കുന്നില്‍ ഒരു പ്ലോട്ടുണ്ട്.