ഹൈദരാബാദ്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന് എത്തിയ അഖില്‍ അക്കിനേനി നായകനായ സ്പൈ ആക്ഷൻ-ത്രില്ലർ ചിത്രമാണ് “ഏജന്റ്”. എന്നാല്‍ ആഗോള തലത്തില്‍ ആദ്യ ദിനം ലോകമെമ്പാടും ഏകദേശം 7 കോടി രൂപ മാത്രമാണ് ചിത്രം കളക്ഷന്‍ നേടിയത് എന്നാണ് വിവരം. മാസങ്ങൾക്കുമുമ്പ് ആന്ധ്രാപ്രദേശ്, തെലങ്കാന മേഖലകളുടെ അവകാശം മുഴുവനായി വിറ്റഴിഞ്ഞ ചിത്രത്തിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത് എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്.
ഏകദേശം 80 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്. മോശം ഓപ്പണിംഗ് ഡേ കളക്ഷൻ ചിത്രത്തിന്‍റെ തുടര്‍ന്നുള്ള റണ്ണിംഗ് സംബന്ധിച്ച് ആശങ്ക ഉയർത്തുന്നുണ്ട്. ഈ ശനി, ഞായര്‍ ദിവസങ്ങള്‍ ഏജന്‍റിനെ സംബന്ധിച്ച് നിർണായകമായിരിക്കും. ബോക്‌സോഫീസിലെ മോശം ഓപ്പണിംഗ് പ്രകടനത്താല്‍ തന്നെ ചിത്രം വിമർശനം ഏറ്റുവാങ്ങുന്നുണ്ട്. ചിത്രത്തിന്റെ മോശം ഓപ്പണിംഗിനെതിരെ അക്കിനേനി ആരാധകർ പോലും പ്രതികരിക്കുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍ എന്നാണ് റിപ്പോര്‍ട്ട്.
സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന മകന്‍റെ പുതിയ ചിത്രത്തെ പിന്തുണച്ച് അഖിൽ അക്കിനേനിയുടെ അമ്മ അമല അതിനിടെ രംഗത്തെത്തി. ചിത്രത്തിന് പോരായ്മകളുണ്ടെന്നും എന്നാൽ താൻ അത് നന്നായി ആസ്വദിച്ചുവെന്നും അമല പ്രതികരിച്ചു. 50 ശതമാനം ഒക്യുപെൻസി ഉള്ള ഒരു തീയറ്ററിലാണ് താൻ സിനിമ കണ്ടതെന്നും അതിൽ ഏറ്റവും കൂടുതൽ സ്ത്രീകളാണെന്നും അവർ പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട കുറിപ്പില്‍ അമല പറയുന്നു – “അരക്ഷിതാവസ്ഥയിൽ നിന്നാണ് ട്രോളുകള്‍ ഉണ്ടാകുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഞാൻ ഇന്നലെ ഏജന്റ് കണ്ടു, സിനിമ നന്നായി ആസ്വദിച്ചു. അതില്‍ പോരായ്മകൾ ഉണ്ടെങ്കിലും, നിങ്ങൾ തുറന്ന മനസ്സോടെ കണ്ടാല്‍ ഈ ചിത്രം നിങ്ങൾ അത്ഭുതപ്പെടും. 50% പ്രേക്ഷകരും അമ്മമാരും അമ്മൂമ്മമാരും അവരുടെ ഭർത്താക്കന്മാരും മക്കളും നിറഞ്ഞ ഒരു പവർ പാക്ക്ഡ് തിയേറ്ററിലാണ് ഞാന്‍ ചിത്രം കണ്ടത്. നല്ല ആക്ഷന്‍ രംഗങ്ങള്‍ക്ക് ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. എനിക്ക് ഉറപ്പുണ്ട്, അടുത്തത് വലുതും മികച്ചതുമായിരിക്കും”.