കുമളി : ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനുമായി എത്തിയ വാഹനവ്യൂഹം പെരിയാർ വന്യ ജീവി സങ്കേതത്തിൽ പ്രവേശിച്ചു. ഇവിടെ നിന്ന് 22 കിലോമീറ്റർ ദൂരെയാണ് ആനയെ തുറന്നുവിടുക. ആനയെ കൊണ്ടവരുന്നത് പ്രമാണിച്ച് കുമളിയിൽ വൈദ്യുതി ബന്ധം വിശ്ചേദിച്ചിരിക്കുകയാണ്. ആനയെ കൊണ്ടുവരുന്നിടങ്ങളിലെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുന്നത് ഒഴിവാക്കാനാണ് ഇത്.മാത്രമല്ല, ആനയെ കൊണ്ടുവരുന്നതിന്റെ ഭാഗമായി കുമളി പഞ്ചായത്തിൽ നാളെ രാവിലെ 7 മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം പൂജ ചെയ്താണ് മന്നാൻ ആദിവാസി വിഭാഗം ആനയെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാഗമായാണ് പൂജയെന്ന് പൂജ ചെയ്ത അരുവി പറഞ്ഞു. പ്രശ്നക്കാരാനായ ആന വന്നതിന്റെ ഭാഗമായാണ് പൂജ നടത്തിയത്. വനംവകുപ്പിന്റെ അനുമതിയോടെയാണ് പൂജയെന്നും അരുവി പറഞ്ഞു. കുറഞ്ഞത് രണ്ട് മണിക്കൂർ സമയമെടുത്തായിരിക്കും ആനയെ തുറന്നുവിടേണ്ട സീനിയറോട വനമേഖലയിലേക്കെത്തുക. തീർത്തും ദുർഘടം നിറഞ്ഞ വഴിയാണ്. തടസ്സമാകുന്ന മരക്കൊമ്പുകളടക്കം വെട്ടിമാറ്റി മാത്രമേ ഇവിടേക്ക് യാത്ര ചെയ്യാനാകൂ.