ഇരുമ്പുഴി: മലപ്പുറം ഇരുമ്പുഴിയില്‍ കിണര്‍ വൃത്തിയാക്കി മുകളിലേക്ക് കയറുന്നതിനിടെ കാല്‍ വഴുതി കിണറില്‍ വീണ പശ്ചിമ ബംഗാള്‍ സ്വദേശി സലീം നിഗം (34) ത്തെ അഗ്‌നി രക്ഷാ സേന രക്ഷപെടുത്തി. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആണ് സംഭവം. ആനക്കയം പഞ്ചയത്തില്‍ അരിപ്പറ്റ സൈഫുള്ളയുടെ വീട്ടിലെ കിണറിലെ വെള്ളം അടിച്ചു കളഞ്ഞു കിണര്‍ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ മുകളില്‍ എത്തിയപ്പോള്‍ കാല്‍ വഴുതി വീണ്ടും 50 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് പതിക്കുകയായിരുന്നു സലീം.
ഉടനെ വീട്ടുകാര്‍ മലപ്പുറം അഗ്‌നി രക്ഷാ സേനയെ വിവരമറിയുകയായിരുന്നു. സേന സംഭവ സ്ഥലത്തെത്തുമ്പോള്‍ പാറ നിറഞ്ഞ കിണറില്‍ അതിഥി തൊഴിലാളി ഗുരുതര പരിക്കുകളോടെ വീണു കിടക്കുകയായിരുന്നു. രക്ഷിക്കാന്‍ വേണ്ടി മറ്റൊരു തൊഴിലാളിയും കിണറില്‍ ഇറങ്ങിയിരുന്നു. ഉടനെത്തന്നെ സേന അംഗമായ എ സ് പ്രദീപ് ഹാര്‍നെസ്സ് ന്റെയും റോപിന്റെയും സഹായത്തോടെ കിണറ്റില്‍ ഇറങ്ങി. ഉയരത്തില്‍ നിന്നുള്ള വീഴ്ച ആയതിനാല്‍ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടാവാം എന്ന സംശയത്തില്‍ റെസ്‌ക്യൂ വലയുടെ കൂടെ പലകയില്‍ കിടത്തി നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ കരക്ക് കയറ്റുകയായിരുന്നു.
പിന്നാലെ സേനയുടെ തന്നെ ആംബുലന്‍സില്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ യു ഇസ്മായില്‍ ഖാന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ എം എച് മുഹമ്മദ് അലി,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എ സ് പ്രദീപ്,കെ സി മുഹമ്മദ് ഫാരിസ്,അബ്ദുല്‍ ജബ്ബാര്‍,വി വിപിന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ സി രജീഷ്, പി അഭിലാഷ്,ഹോം ഗാര്‍ഡുമാരായ പി രാജേഷ്, വി ബൈജു തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചിരുന്നു. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് നസീറിന്‍റെ മൃതദേഹ അവശിഷ്ടം കണ്ടെത്താനായത്.