മാരകമായ ടിക്ടോക്ക് ചലഞ്ചുകളിലൂടെ കുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്നത് ഇപ്പോൾ പലപ്പോഴും നാം വാർത്തകളിൽ കാണാറുണ്ട്. അതുപോലെ യുഎസ്സിലുള്ള ഒരു പതിനാറുകാരന് ചലഞ്ചിന് പിന്നാലെ മാരകമായി പൊള്ളലേൽക്കുകയും തിരിച്ചറിയാനാവാത്ത വിധം അവൻ മാറിപ്പോവുകയും ചെയ്തതാണ് ഇപ്പോൾ വാർത്തയാവുന്നത്.
നോർത്ത് കരോലിനയിൽ ഒരുകൂട്ടം കൗമാരക്കാർ ചേർന്ന് ഒരു ടിക്ടോക് ചലഞ്ചിൽ ഏർപ്പെടുകയായിരുന്നു. ആ സമയത്താണ് അപകടം സംഭവിച്ചത്. ടിക്ടോക്ക് ചലഞ്ച് ഒരു സ്ഫോടനത്തിന് കാരണമാവുകയും 16 വയസ്സുള്ള മേസൺ ഡാർക്കിന്റെ ശരീരത്തിൽ 80% പൊള്ളലേൽക്കുകയും ചെയ്തു. തന്റെ മകനെ ഇപ്പോൾ കണ്ടാൽ തിരിച്ചറിയാനാകില്ല എന്നാണ് അവന്റെ അമ്മ ഹോളി ഡാർക്ക് പറയുന്നത്.
മേസൺ ഡാർക്കും സുഹൃത്തുക്കളും ചേർന്ന് ടിക്ടോക്കിലെ ചലഞ്ച് പരീക്ഷിക്കുകയായിരുന്നു. അതിന് വേണ്ടി കൈവശം വച്ചിരുന്ന സ്പ്രേ പെയിന്റിന്റെ ക്യാൻ ആ സമയത്ത് അപ്രതീക്ഷിതമായി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീയാളിപ്പടർന്ന് ദേഹത്ത് പിടിച്ചതോടെ മേസൺ നേരെ അടുത്തുള്ള പുഴയിലേക്കാണ് ഓടിയത്. എന്നാൽ, ഇത് സംഭവത്തെ കൂടുതൽ വഷളാക്കിയതേ ഉള്ളൂ. തീ അവന്റെ പിൻഭാഗത്ത് മുഴുവനും ആളിപ്പടർന്നു. പുഴയിലെ വെള്ളത്തിൽ നിന്നും ഇൻഫെക്ഷനും ബാധിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
പെട്ടെന്ന് തന്നെ അവനെ ആശുപത്രിയിൽ എത്തിച്ചു. ആറ് മാസക്കാലമെങ്കിലും ആശുപത്രിയിൽ അവന് കഴിയേണ്ടി വരും എന്നാണ് പറയുന്നത്. ഏപ്രിൽ 26 -നായിരുന്നു ശസ്ത്രക്രിയ. ഇതുവരെ നിരവധി ശസ്ത്രക്രിയകളിലൂടെ അവന് കടന്നു പോകേണ്ടി വന്നു. ചികിത്സയ്ക്ക് വേണ്ടി കുട്ടിയുടെ മുത്തശ്ശി ഒരു GoFundMe പേജും തുടങ്ങിയിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുഎസ്സിലെ ഒഹിയോയിൽ 13 വയസുള്ള ഒരു ആൺകുട്ടിക്ക് ടിക്ടോക്ക് ചലഞ്ച് പരീക്ഷിച്ചതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. ‘ബെനാഡ്രിൽ ചലഞ്ച്’ എന്ന ഇപ്പോൾ ടിക്ടോക്കിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ചലഞ്ചാണ് 13 -കാരന്റെ ജീവനെടുത്തത്.