ന്യൂഡൽഹി> ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നും ‘ഓപ്പറേഷൻ കാവേരി’യുടെ ഭാഗമായി ഒഴിപ്പിച്ച ഇന്ത്യാക്കാരുടെ എണ്ണം 2842 ആയി. ഇവരിൽ 2225 ഇന്ത്യാക്കാർ ഇതിനോടകം വിമാനമാർഗം ഇന്ത്യയിൽ മടങ്ങിയെത്തി. 3500 നടുത്ത് ഇന്ത്യാക്കാരാണ് സുഡാനിലുള്ളത്. ആയിരത്തിലേറെ സ്ഥിരതാമസക്കാരായ ഇന്ത്യൻ വംശജരുമുണ്ട്.
വ്യോമസേനാ വിമാനങ്ങളിലും നാവികസേനയുടെ പടക്കപ്പലുകളിലുമായി പോർട്ട്‌സുഡാനിൽ നിന്നും സൗദിയിലെ ജെദ്ദയിലേക്കാണ് ഇന്ത്യാക്കാരെ എത്തിച്ചത്. സൗദിയുടെ സഹകരണവും പിന്തുണയും രക്ഷാദൗത്യത്തിൽ നിർണായകമായി. ഞായറാഴ്‌ച 130 ഇന്ത്യാക്കാർ കൂടി സി 130ജെ വിമാനത്തിൽ പോർട്ട് സുഡാനിൽ നിന്നും ജെദ്ദയിലെത്തി. ഐഎൻഎസ് തേജ് പടക്കപ്പലിൽ 288 പേരും ഐഎൻഎസ് സുമേദയിൽ 301 പേരും നേരത്തെ എത്തിയിരുന്നു.ഞായറാഴ്‌ച ജെദ്ദയിൽ നിന്നും ബംഗ്ലുരുവിലേക്ക് 229 പേരും ഡൽഹിയിലേക്ക് നാൽപ്പത് പേരും വിമാനമാർഗം എത്തി. സുഡാനിൽ നിന്നുള്ള 46 മലയാളികൾ ഇതുവരെയായി ഡൽഹിയിൽ വിമാനം ഇറങ്ങിയിട്ടുണ്ട്. ഡൽഹിയിൽ എത്തുന്ന മലയാളികൾക്ക് വിമാനമാർഗം തന്നെ നാട്ടിൽ എത്തുന്നതിന് എല്ലാ സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കുന്നുണ്ട്. ശനിയാഴ്‌ച എത്തിയ 21 മലയാളികളിൽ 13 പേർ ഞായറാഴ്‌ച വിമാനമാർഗം കൊച്ചിയിലേക്കും എട്ട് പേർ തിരുവനന്തപുരത്തേക്കും മടങ്ങി.