മലപ്പുറം : 1977-ലെ പ്രഥമ ഫെഡറേഷൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കളിച്ച മലയാളി ഫുട്ബോൾ താരം മലപ്പുറം അസീസ് എന്ന മക്കരപറമ്പ കാവുങ്ങൽ അബ്ദുൽ അസീസ് (73) അന്തരിച്ചു. മൈസൂർ, സർവീസസ്, ബംഗാൾ, മഹാരാഷ്ട്ര ടീമുകൾക്കായി സന്തോഷ് ട്രോഫിയിൽ ബൂട്ടുകെട്ടിയ അസീസ് പക്ഷേ 1975-ലെ ഇൻഡൊനീഷ്യ ഹാലം കപ്പിന് ഉൾപ്പടെ രണ്ടു തവണ ഇന്ത്യൻ ടീമിലേക്ക് വിളിച്ചിട്ടും കളിക്കാൻ വിസമ്മതിക്കുകയായിരുന്നു. അതിനാൽ തന്നെ പ്രതിഭാധനനായ ഈ മധ്യനിര താരം ഒരു മത്സരം പോലും ദേശീയ ടീമിൽ കളിച്ചിട്ടില്ല. 10-ാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയായ ഉടൻ തന്നെ അദ്ദേഹത്തെ ബാംഗ്ലൂരിലെ പട്ടാള ടീമായ എ.എസ്.സി റാഞ്ചുകയായിരുന്നു. അങ്ങമെ മൈസൂർ സന്തോഷ് ട്രോഫി ടീമിൽ കളിച്ചു. 1969-ൽ മൈസൂർ ബംഗാളിനെ തോൽപ്പിച്ച് സന്തോഷ് ട്രോഫി നേടുമ്പോൾ അസീസായിരുന്നു ക്യാപ്റ്റൻ. 1974-ൽ മുഹമ്മദൻസിൽ ചേർന്നു. മധ്യനിരയിൽ കളിമെനഞ്ഞിരുന്ന അദ്ദേഹത്തെ റിക്ഷാവാല എന്നാണ് മുഹമ്മദൻസ് ആരാധകർ വിളിച്ചിരുന്നത്. ടീമിനെ നയിക്കുകയും ചെയ്തു. ഇന്ത്യൻ പെലെ എന്നറിയപ്പെട്ട മുഹമ്മദ് ഹബീബ്, സെയ്ദ് നയിമുദ്ദീൻ, തരുൺ ബോസ് എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ട്.
ഡി.സി.എം, കൽക്കത്ത ലീഗ്, ശ്രീനാരായണ കണ്ണൂർ ടൂർണമെന്റുകളിൽ മുഹമ്മദൻസിനായി കളിച്ചു. ഇതിനു പിന്നാലെ ധാക്ക മുഹമ്മദൻസ് ടീമിനായും കളിച്ചു. 1981-ൽ മുഹമ്മദൻസ് വിട്ട അദ്ദേഹം ഓർകെ മിൽസ് ബോംബെയിൽ ചേർന്ന് കളിച്ചു. അവിടെ വിഫ ട്രോഫി, ബോംബേ ലീഗ് കിരീടങ്ങൾ സ്വന്തമാക്കി. ശ്രീലങ്ക ഉൾപ്പടെ പങ്കെടുത്ത പെൻഡ്രങ്കുലർ കപ്പിൽ ടീമിന്റെ ക്യാപ്റ്റനുമായി. സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ ആദ്യ കേരള ടീമിലെ അംഗം അന്തരിച്ച കെ. ചേക്കു സഹോദരനാണ്.