പത്തനംതിട്ട : ജില്ലാ ട്രഷറിയില്‍ ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. ട്രഷറിയിലെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയത്. തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് ആരോപിക്കുന്ന കാഷ്യര്‍ അടക്കം നാലു പേരെ സസ്‌പെന്‍ഡ് ചെയ്തു. തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പെരുനാട് സബ്ട്രഷറി ഓഫീസിലെ കാഷ്യര്‍ സഹീര്‍ മുഹമ്മദ്, കോന്നി സബ് ട്രഷറി ഓഫീസര്‍ രഞ്ജി ജോണ്‍, ജില്ലാ ട്രഷറി സൂപ്രണ്ട് ദേവരാജന്‍ ക്ലാര്‍ക്ക് ആരോമല്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മരിച്ചു പോയ ആളുടെ ജില്ലാ ട്രഷറിയില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് പലിശ വ്യാജ എസ് ബി അക്കൗണ്ട് തുടങ്ങി അതിലൂടെ സഹീര്‍ മുഹമ്മദ് എന്ന ട്രഷറി ജീവനക്കാരന്‍ തട്ടിയെടുക്കുകയായിരുന്നു എന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. നേരത്തെ സഹീര്‍ മുഹമ്മദ് ജില്ലാ ട്രഷറിയില്‍ ജോലി ചെയ്യവേ പുതിയതായി ജില്ലാ ട്രഷറര്‍ ജീവനക്കാരനായി എത്തിയ ആളിനെ കമ്പ്യൂട്ടര്‍ പാസ്സ്വേര്‍ഡ് ഉപയോഗിച്ചാണ് തട്ടിപ്പ് അത്രേ. വ്യാജ എസ്ബി അക്കൗണ്ട് തുടങ്ങി ചെക്ക് ബുക്ക് അടക്കം കൈപ്പറ്റി പിന്നീട് ചെക്ക് ബുക്ക് ഉപയോഗിച്ചാണ് അവരുടെ സ്ഥിര നിക്ഷേപത്തിന് പലിശ തട്ടിയെടുക്കുകയായിരുന്നത്രേ. ജില്ലാ ട്രഷറിയില്‍ നിന്നും പെരുനാട് സബ്ട്രഷറിലേക്ക് സ്ഥലം മാറിപ്പോയ സഹീര്‍ അവിടെ മറ്റൊരു ജീവനക്കാരന്റെ പാസ്വേഡ് ഉപയോഗിച്ച് ചെക്ക് ലീഫ് ഇല്ലാതെ ഈ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചു. അവധിയിലായ ജീവനക്കാരന്‍ തിരികെയെത്തിയപ്പോള്‍ കണക്കില്‍ പിശക് കണ്ടതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്താകുന്നത്.
2021 ഡിസംബര്‍ 24ന് ഏകദേശം 38,000 രൂപയോളം പിന്‍വലിച്ചതായി ആണ് പെരുനാട് പോലീസില്‍ അവിടുത്തെ ട്രഷറി ഓഫീസര്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ എസ് ബി അക്കൗണ്ട് ജില്ലാ ട്രഷറിയില്‍ ആണ് ആരംഭിച്ചതെന്നും സഹീര്‍ മുഹമ്മദാണ് തട്ടിപ്പിന് പിന്നില്‍ എന്നും സൂചന ലഭിക്കുന്നതെന്ന് സസ്‌പെന്‍ഷനിലായവര്‍ പറയുന്നു. ഇയാള്‍ തട്ടിപ്പിന് മറയാക്കിയ ട്രഷറി ജീവനക്കാരാണ് സസ്‌പെന്‍ഷനിലായ മറ്റു മൂന്നുപേര്‍ എന്നും പറയപ്പെടുന്നു. മല്ലപ്പള്ളി, എരുമേലി തുടങ്ങിയ സബ് ട്രഷറികളിൽ നിന്ന് പോലും പണം എടുത്തതായി സൂചന ഉണ്ട്. ഏഴോ എട്ടോ തവണ ആയിട്ടാണ് എട്ടുലക്ഷത്തോളം രൂപ പിന്‍വലിച്ചത്. വളരെ ബുദ്ധിപൂര്‍വ്വം നടത്തിയ തട്ടിപ്പിനിടയില്‍ ഒരു തവണ ചെക്ക് ലീഫ് ഉപയോഗിക്കാതെ വന്നതാണ് പിടിക്കപ്പെടാന്‍ ഇടയാക്കിയതെന്നും പറയപ്പെടുന്നു.