വസ്ത്രധാരണത്തിന്‍റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുകയോ അല്ലെങ്കില്‍ ചര്‍ച്ചയിലോ വിവാദത്തിലോ ആയിട്ടുള്ള സെലിബ്രിറ്റികള്‍ നിരവധിയാണ്. ലോകത്ത് പലയിടങ്ങളിലും ഇത്തരത്തിലുള്ള സദാചാരപരമായ ഇടപെടലുകള്‍ നടക്കുന്നതാണ്. ചിലയിടങ്ങളില്‍ ഇത് വ്യാപകവും ചിലയിടങ്ങളില്‍ അപൂര്‍വവുമാണെന്ന് മാത്രം.
അറിയപ്പെടുന്ന താരങ്ങള്‍ പോലും ഇത്തരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അത്ര അറിയപ്പെടാത്തവരും, സാധാരണക്കാരുമായ ആളുകളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇപ്പോഴിതാ അമേരിക്കയില്‍ ഒരു എയര്‍പോര്‍ട്ടില്‍ വച്ച് വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ നേരിട്ട ദുരനുഭവം പങ്കുവയ്ക്കുകയാണ് കോമഡി ആര്‍ട്ടിസ്റ്റായ ക്രിസി മേയറും സുഹൃത്ത് കീനു തോംപ്സണും.
ഇരുവരും എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ ചിത്രവും എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ ഇടപെട്ട് വസ്ത്രം മാറ്റിച്ചതിന് ശേഷമുള്ള ചിത്രവും ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘അമേരിക്കൻ എയര്‍ലൈൻസി’ന്‍റെ ജീവനക്കാരാണത്രേ ഇവരോട് വസ്ത്രധാരണത്തിന്‍റെ പേരില്‍ മോശമായി ഇടപെട്ടത്.
മാന്യമായ വസ്ത്രം ധരിച്ചെങ്കില്‍ മാത്രമേ ഫ്ളൈറ്റില്‍ പ്രവേശിക്കാൻ സാധിക്കൂ എന്നാണത്രേ ഇവരോട് എയര്‍ലൈൻസ് ജീവനക്കാര്‍ പറഞ്ഞത്. തുടര്‍ന്ന് ബോട്ടം വെയര്‍ മാറ്റാൻ ഇരുവരോടും ആവശ്യപ്പെടുകയായിരുന്നുവത്രേ. ഇതോടെ വസ്ത്രം മാറാൻ ഇവരും നിര്‍ബന്ധിതരാകുകയായിരുന്നുവത്രേ.
ശേഷം വസ്ത്രം മാറാൻ ആണെങ്കില്‍ ഇവര്‍ സ്വകാര്യത അനുവദിച്ചില്ലെന്നും യുവതികള്‍ പരാതിപ്പെടുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട പരാതിക്ക് താഴെ നിരവധി പേരാണ് പ്രതികരണവും അഭിപ്രായങ്ങളും അറിയിച്ചിരിക്കുന്നത്. ഇതിനിടെ ‘അമേരിക്കൻ എയര്‍ലൈൻസ്’ഉം പ്രതികരണം അറിയിച്ചിട്ടുണ്ട്.
താങ്കളുടെ പരാതി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വിശദവിവരങ്ങള്‍ തങ്ങള്‍ക്ക് അയച്ചുതരണമെന്നും ഞങ്ങളത് പരിശോധിക്കുമെന്നുമാണ് ‘അമേരിക്കൻ എയര്‍ലൈൻസ്’ കമന്‍റിലൂടെ പറഞ്ഞത്. ഈ അനുഭവം തങ്ങളെ അങ്ങേയറ്റം അപമാനപ്പെടുത്തിയെന്നാണ് ഇതിന് മറുപടിയായി ക്രിസി മേയര്‍ കുറിച്ചത്.
എന്തായാലും ഇവരുടെ ദുരനുഭവം പങ്കുവച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് വലിയ രീതിയില്‍ തന്നെ ശ്രദ്ധ നേടിയെന്ന് പറയാം.