ദില്ലി: ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന രാപ്പകൽ സമരം തുടരുന്നു. ദില്ലി സിപി പൊലീസ് സ്റ്റേഷനിൽ ബ്രിജ് ഭൂഷനെതിരെ രണ്ട് കേസ് രജിസ്റ്റർ ചെയ്തിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ ഇയാളെ ചോദ്യം ചെയ്തിട്ടില്ല. ജന്തർമന്തറിൽ നിയോഗിച്ച പൊലീസ് താരങ്ങളെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ പൊലീസിനെതിരെ വിമർശനം കനക്കുകയാണ്. കയ്യേറ്റം ചെയ്ത പൊലീസുകാർ മദ്യപിച്ചിരുന്നു എന്ന താരങ്ങളുടെ ആരോപണം ദില്ലി പൊലീസ് തള്ളി. അതേസമയം ഞങ്ങള്‍ രാജ്യത്തിന്‍റെ അഭിമാനത്തിന് വേണ്ടി പോരാടിയവരാണ്. ഇന്ന് ചാംപ്യന്‍മാരുടെ അഭിമാനത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് പോരാടുന്നത് പിന്തുണയ്ക്കണമെന്ന അപേക്ഷയുമായി ഉളിംപിക് മെഡല്‍ ജേതാവായ ബജ്രംഗ് പൂനിയ പറഞ്ഞു.
സുപ്രീംകോടതി കേസ് തീർപ്പാക്കിയത് തിരിച്ചടിയായി കാണാൻ ആകില്ലെന്ന് താരങ്ങൾ വ്യക്തമാക്കി. താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി ആർ എസ് ഉൾപ്പെടെ നിരവധി രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ സമരവേദിയിലെത്തി. ഒളിമ്പ്യൻ ഗീത ഫോഗട്ടിനെ ജന്തർ മന്ത്രിലേക്കുള്ള യാത്രാമധ്യേ ദില്ലി പൊലീസ് കരുതൽ തടങ്കലിൽ ആക്കിയിരുന്നു. ഗുസ്തിതാരങ്ങളുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കോടതി കൂടുതൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.