കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം റവന്യൂ റിക്കവറി ഇനത്തിൽ ഏറ്റവും അധികം തുക പിരിച്ചെടുത്ത് സംസ്ഥാനത്ത് ഒന്നാമതായി എറണാകുളം ജില്ല. 162.35 കോടിയുടെ റെക്കോർഡ് നേട്ടമാണ് റവന്യൂ റിക്കവറി ഇനത്തിൽ ജില്ല നേടിയത്. ലാൻഡ് റവന്യൂ ഇനത്തിൽ 124.61 കോടി രൂപയും പിരിച്ചെടുത്തു.2021 – 22 സാമ്പത്തിക വർഷത്തേക്കാൾ 70 കോടി രൂപയുടെ വർധനയാണ് റവന്യൂ റിക്കവറി, ലാൻഡ് റവന്യൂ ഇനത്തിൽ ജില്ലയിലെ റവന്യൂ വകുപ്പ് നേടിയത്. കെട്ടിട നികുതി ഇനത്തിൽ 31.37 കോടി രൂപയും ആഡംബര നികുതി ഇനത്തിൽ 8.53 കൂടി രൂപയും പിരിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ തുകയാണ് ജില്ല പിരിച്ചെടുത്തത്.
ജില്ലയിൽ റവന്യൂ റിക്കവറി, ലാൻഡ് റവന്യൂ നടപടികൾ കാര്യക്ഷമമാക്കിയതിന് മികച്ച രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ചവച്ച ജീവനക്കാർക്കുള്ള പുരസ്കാരങ്ങൾ കലക്ടർ എൻ.എസ്.കെ ഉമേഷ് വിതരണം ചെയ്തു.
മികച്ച രീതിയിൽ പിരിവ് പുരോഗതി കൈവരിച്ച താലൂക്കുകൾക്കുള്ള പുരസ്കാരം തഹസിൽദാർമാരായ രഞ്ജിത്ത് ജോർജ് (കണയന്നൂർ), ജെസി അഗസ്റ്റിൻ (കുന്നത്തുനാട്), സുനിൽ മാത്യു (ആലുവ), കെ.എസ് സതീശൻ (മൂവാറ്റുപുഴ), കെ.എൻ അംബിക (പറവൂർ), സുനിത ജേക്കബ് (കൊച്ചി) റേയ്ച്ചൽ വർഗീസ് (കോതമംഗലം) എന്നിവർ ഏറ്റുവാങ്ങി.
മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവച്ച റവന്യൂ സ്പെഷ്യൽ തഹസിൽദാർമാർക്കുള്ള പുരസ്കാരം മുഹമ്മദ് ഷാഫി (കണയന്നൂർ), മുസ്തഫ കമാൽ (ആലുവ), വിനോദ് മുല്ലശ്ശേരി (കൊച്ചി) എന്നിവരും ഏറ്റുവാങ്ങി.
താലൂക്കുകളിൽ മികച്ച രീതിയിൽ പിരിവ് പുരോഗതി നേടുന്നതിനായി പ്രവർത്തിച്ച വില്ലേജ് ഓഫീസർമാർക്കുള്ള പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു. ഓരോ താലൂക്കിൽ നിന്നും അഞ്ച് വീതം വില്ലേജ് ഓഫീസർമാർക്കാണ് പുരസ്കാരം നൽകിയത്.
റവന്യൂ റിക്കവറി, ലാൻഡ് റവന്യൂ വിഭാഗത്തിൽ ഏറ്റവും കൂടുതൽ തുക പിരിച്ചെടുത്തത് കണയന്നൂർ (ആർ ആർ ) താലൂക്കിലാണ്. റവന്യൂ റിക്കവറി വിഭാഗത്തിൽ 39.25 കോടിയും ലാൻഡ് റവന്യൂ വിഭാഗത്തിൽ 42.12 കോടിയും പിരിച്ചെടുത്തു.
റവന്യൂ റിക്കവറി വിഭാഗത്തിൽ 26.77 കോടിയും ലാൻഡ് റവന്യൂ വിഭാഗത്തിൽ 31.61 കോടിയുമായി കുന്നത്തുനാട് താലൂക്കിനാണ് രണ്ടാംസ്ഥാനം. റവന്യൂ റിക്കവറിയിൽ മൂന്നാംസ്ഥാനം മൂന്നാം സ്ഥാനം 23.61 കോടി പിരിച്ചെടുത്ത് ആലുവ താലൂക്കും ലാൻഡ് റവന്യൂ വിഭാഗത്തിൽ മൂന്നാം സ്ഥാനം 15.58 കോടിയുമായി മൂവാറ്റുപുഴ താലൂക്കും നേടി.
റവന്യൂ റിക്കവറി വിഭാഗത്തിൽ മൂവാറ്റുപുഴ താലൂക്ക് 12.25 കോടിയും, പറവൂർ 10.22, കൊച്ചി 9.68, കോതമംഗലം 8.09 കോടിയും പിരിച്ചെടുത്തു. ലാൻഡ് റവന്യൂ വിഭാഗത്തിൽ ആലുവ താലൂക്ക് 9.93 കോടിയും, കോതമംഗലം 9.55 പറവൂർ 9.11, കൊച്ചി 6.67 കോടിയും പിരിച്ചെടുത്തിട്ടുണ്ട്.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ ബി അനിൽകുമാർ, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദു മോൾ, ജൂനിയർ സൂപ്രണ്ട് എം.കെ സജിത് കുമാർ, ആലുവ തഹസിൽദാർ സുനിൽ മാത്യു എന്നിവർ സംസാരിച്ചു.