ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാർഥം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റോഡ് ഷോയുടെ ഭാഗമായി ബംഗളൂരുവിൽ ഞായറാഴ്ച ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ശ്രീവത്സ. 40 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്‌ഷോയുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ പൗരന്മാർക്ക് ഞെട്ടിക്കുന്ന നിയന്ത്രണങ്ങളാണ് പൊലീസ് പ്രഖ്യാപിച്ചതെന്ന് ശ്രീവത്സ കുറ്റപ്പെടുത്തി.
പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രധാന നിയന്ത്രണങ്ങൾ എണ്ണിപ്പറഞ്ഞ അദ്ദേഹം, ഇത് ഏകാധിപത്യമല്ലേ എന്നും ചോദിക്കുന്നു. ‘റോഡരികിലെ കെട്ടിടങ്ങളുടെ ടെറസിലും ബാൽക്കണിയിലും ആളുകൾ നിൽക്കുന്നതും കൂട്ടംചേർന്ന് നിന്ന് റാലി കാണുന്നതും നിരോധിച്ചു. രാവിലെ ആറുമണിമുതൽ റാലി പൂർത്തിയാകുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചു. റോഡരികിലെ കെട്ടിടങ്ങളിലേക്കുള്ള പ്രവേശനവും പുറത്തിറങ്ങലും അടക്കും. കെട്ടിടങ്ങളുടെ പരിസരത്ത് പുതുതായി ആരെയും നിൽക്കാൻ അനുവദിക്കില്ല, റാലി കാണാൻ ആഗ്രഹിക്കുന്ന ആളുകൾ പൊലീസ് നിർദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം നിൽക്കണം. -40% കമീഷൻ പറ്റുന്ന ബി.ജെ.പി 40 കിലോമീറ്റർ റോഡ്‌ഷോ നടത്തുമ്പോൾ പൗരന്റെ ജീവിതം എന്തിനാണ് ഇങ്ങനെ സ്തംഭിപ്പിക്കുന്നത്? ഇത് ഏകാധിപത്യമല്ലേ?’ -ശ്രീവത്സ ചോദിച്ചു.
ആളുകളുടെ സഞ്ചാരാവകാശം ഇങ്ങനെ തടസ്സപ്പെടുത്താൻ എങ്ങനെയാണ് കഴിയുക? റോഡ്‌ഷോ നടക്കുന്ന റൂട്ടിലുള്ള പൗരന്മാർക്ക് ഇത് ഫലത്തിൽ ലോക്ക്ഡൗൺ ആണ്. വാരാന്ത്യത്തിലെ തിരക്കേറിയ സമയങ്ങളിൽ പ്രധാന റോഡുകളിൽ റോഡ്‌ഷോ നടക്കുന്നതിനാൽ നഗരത്തിന്റെ മറ്റ് പ്രദേശങ്ങളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടും. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരിക്കലും പൗരന്മാരോട് ഇതുപോലെ പെരുമാറരുത്. എന്നാൽ, ഇതേക്കുറിച്ചൊക്കെ മോദി അശ്രദ്ധനാണ്. ലജ്ജാകരമാണിത് -അദ്ദേഹം ചൂണ്ടിക്കാട്ടി.