പിറവം ∙ നഗരസഭാ പരിധിയിൽ ഭക്ഷണശാലകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽനിന്നു പഴകിയ ഭക്ഷണം പിടികൂടി. ചോറ്, ചപ്പാത്തി, ചിക്കൻ, ബീഫ്, എണ്ണപ്പലഹാരങ്ങൾ തുടങ്ങിയവയാണു പിടിച്ചെടുത്തത്. പലതിനും ദിവസങ്ങൾ പഴക്കമുള്ളതായാണു വിവരം. പാചകത്തിന് ഉപയോഗിച്ചിരുന്ന പഴകിയ എണ്ണയും പിടികൂടി. രാവിലെ മുതൽ ആരംഭിച്ച പരിശോധനയിൽ ബേക്കറികൾ ഉൾപ്പെടെ 8 സ്ഥാപനങ്ങളിൽ നിന്നാണു പഴകിയ ഭക്ഷണം ലഭിച്ചത്. പാലച്ചുവട് ജംക്‌ഷനിലെ ശിവനന്ദ ബേക്കറി, വിജയ ബേക്കറി, പിറവം ടൗണിലെ ഹോട്ടലുകളായ ഹണീബി, അഥീന, സിറ്റി ഹോട്ടൽ, ഐശ്വര്യ, ജേക്കേഴ്സ്, കുഞ്ഞൂഞ്ഞ് എന്നിവിടങ്ങളിൽ നിന്നാണു ഭക്ഷണം കണ്ടെടുത്തത്. ഹോട്ടൽ ഉടമകൾക്കു നോട്ടിസ് നൽകിയതായും പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.