കൊച്ചി: താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി വാട്ടര്‍ മെട്രോയെ കുറിച്ച് ആശങ്ക വേണ്ടെന്ന് കെ.എം.ആര്.എല്‍ എം.ഡി. ലോക്നാഥ് ബെഹ്റ. യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കാരണവശാലും ഇതില്‍ കൂടുതല്‍ ആളുകളെ കയറ്റില്ല. ആളുകളുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം ലംഘിക്കാൻ കഴിയില്ല. സുരക്ഷയുടെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നത്.
യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി പ്രത്യേക ജാക്കറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു. ബോട്ടിന് ഏതെങ്കിലും വിധത്തിലുള്ള സാങ്കേതിക തകരാറുണ്ടായാല്‍ അത് പരിഹരിക്കുന്നതിനായി കൊച്ചിന് ഷിപ്പ് യാര്‍ഡിലെ എഞ്ചിനീയര്മാരുണ്ടെന്നും ബെഹ്റ കൂട്ടിച്ചേർത്തു.
ഏപ്രിൽ 26ന് ഹൈകോടതി – വൈപ്പിൻ റൂട്ടിലും 27ന് വൈറ്റില – കാക്കനാട് റൂട്ടിലും സർവീസ് ആരംഭിച്ച ജലമെട്രോയിൽ യാത്ര ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം ഓരോദിവസവും ഏറുകയാണ്.
കഴിഞ്ഞ ശനിയാഴ്‌ച സർവീസ് അവസാനിക്കുമ്പോൾ ആകെ യാത്രികരുടെ എണ്ണം 98,359 ആയിരുന്നു. എന്നാൽ, ഞായർ വൈകിട്ട് അഞ്ചുവരെ യാത്രികരുടെ എണ്ണം 1,06,528 ആയി ഉയർന്നു. രണ്ടു റൂട്ടുകളിലായി 9000 യാത്രികർ വാട്ടർമെട്രോയിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന്റെ (കെ.ഡബ്ല്യു.എം.എൽ) കണക്ക്.