ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) അധ്യക്ഷനുമായ ഇംറാൻ ഖാൻ അഴിമതിക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ പാകിസ്താനിൽ വ്യാപക അക്രമം. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് പി.ടി.ഐ പ്രവർത്തകർ ഇരച്ചുകയറി. ലഹോറിലെ സൈനിക കമാൻഡറുടെ വസതിയിലും പ്രതിഷേധക്കാർ കടന്നു. പലയിടങ്ങളിലും പൊലീസ് വാഹനങ്ങൾക്ക് തീയിട്ടു. പ്രതിഷേധക്കാരെ നേരിടാൻ ഇസ്ലാമാബാദ്, ബലൂചിസ്താൻ ഉൾപ്പെടെ നിരവധി മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ലഹോറിലെ സൈനിക കമാൻഡറുടെ വീടിന് പി.ടി.ഐ പ്രവർത്തകർ തീയിട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ക്വറ്റ നഗരത്തിലെ എല്ലാ ആശുപത്രികളിലും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നിർദേശം നൽകി. ഫൈസലാബാദിലും ക്വറ്റയിലും പി.ടി.ഐ പ്രവർത്തകർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി.
ലഹോറിൽ നിരവധി പൊലീസ് വാഹനങ്ങൾ കത്തിച്ചു. സൈനിക കമാൻഡറുടെ വീട്ടിനുള്ളിൽ കടന്ന പ്രതിഷേധക്കാർ വലിയ നാശനഷ്ടമുണ്ടാക്കി. വിവിധയിടങ്ങളിൽ പി.ടി.ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് വൈകീട്ടാണ് ഇസ്‍ലാമാബാദ് ഹൈകോടതിക്ക് മുന്നിൽവെച്ച് പാക് അർധസൈനിക വിഭാഗമായ റേഞ്ചേഴ്സ് ഇംറാൻ ഖാനെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലക്ക് വിൽക്കുകയും ഇതിന്റെ കണക്കുകൾ മറച്ചുവെച്ച് നികുതി വെട്ടിക്കുകയും ചെയ്തെന്ന തോഷഖാന കേസിലാണ് അറസ്റ്റ്.
മാർച്ചിൽ ഈ കേസുമായി ബന്ധപ്പെട്ട് ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ വീടിന് സമീപം സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. വാറന്റ് റദ്ദാക്കണമെന്ന് ഹരജി നൽകിയെങ്കിലും 13ന് മുമ്പ് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. എന്നാൽ, ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇമ്രാൻ കോടതിയിലെത്തിയില്ല. ഇതോടെ ജാമ്യമില്ലാ വാറന്റ് അയച്ചിരുന്നു.