ലാഹോര്‍: ഇമ്രാന്‍ ഖാന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പാകിസ്താനില്‍ സമാനകളില്ലാത്ത സംഘര്‍ഷമാണ് അനുഭാവികള്‍ നടത്തുന്നത്. ലാഹോറില്‍ നടന്ന സംഘര്‍ഷത്തിനിടെ സേനാ കമാന്‍ഡറുടെ വീട് കൊള്ളയടിച്ച പ്രതിഷേധക്കാര്‍ വീട്ടിലുണ്ടായിരുന്ന മയിലുകളെ അടക്കമാണ് എടുത്ത് കൊണ്ട് പോയത്. രാജ്യത്തെ പൌരന്മാരുടെ പണം കൊണ്ട് വാങ്ങിയതാണ് എന്ന് വിളിച്ച് പറഞ്ഞാണ് പ്രതിഷേധക്കാരിലൊരാള്‍ മയിലിനെ കൊണ്ടുപോകുന്നത്.
വോയിസ് ഓഫ് അമേരിക്ക ഉറുദു എന്ന പേജിലാണ് ഈ വീഡിയോ വന്നിട്ടുള്ളത്. കെട്ടിടത്തിന് നേരെ കല്ലെറിയാനും പ്രതിഷേധക്കാര്‍ മടി കാണിച്ചില്ല. വീട്ടിനകത്തുണ്ടായിരുന്ന സാധനങ്ങള്‍ വലിച്ച് വാരിയിട്ട് തീ കൊടുക്കുകയാണ് പ്രതിഷേധക്കാര്‍ ചെയ്തത്. മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ അറസ്റ്റിന് പിന്നാലെ പാകിസ്താനിൽ വൻസംഘർഷമാണ് പൊട്ടിപ്പുറപ്പെട്ടത്.
തെഹ് രികെ ഇൻസാഫ് പാർട്ടിയുടെ പ്രതിഷേധം പലയിടങ്ങളിലും അക്രമാസക്തമായി. കറാച്ചിയിൽ സർക്കാർ വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പാക് എയർഫോഴ്സ് മെമ്മോറിയൽ പ്രതിഷേധക്കാർ തകർത്തു. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് അകത്ത് വച്ച് അർധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ് ആണ് ഇമ്രാനെ കസ്റ്റഡിലെടുത്തത്. അല്‍ ഖദില്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത്.