ജറൂസലം: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി ഉയർന്നു. 70 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഫലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ നേതാവും ഉൾപ്പെടും.പുലർച്ചെ ഖാൻ യൂനിസിലെ ആറ് നില കെട്ടിടത്തിന്റെ മുകൾ നിലയിലെ അപ്പാർട്ട്മെന്റ് ലക്ഷ്യമിട്ടാണ് ഇസ്രായേൽ സേന വ്യോമാക്രമണം നടത്തിയത്. അബു മുഹമ്മദ് എന്ന് വിളിക്കുന്ന കമാൻഡർ അലി ഹസൻ ഗാലിയാണ് കൊല്ലപ്പെട്ട ഇസ്ലാമിക് ജിഹാദ് നേതാവ്. ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് ലോഞ്ച് യൂണിറ്റ് കമാൻഡറായിരുന്നു അലി.
കഴിഞ്ഞ ദിവസത്തെ വ്യോമാക്രമണത്തിൽ ഇസ്ലാമിക് ജിഹാദിന്റെ മൂന്ന് നേതാക്കൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടിരുന്നു. മരിച്ച സിവിലിയന്മാരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. ജിഹാദ് അൽഗാനം, ഖലീൽ അൽബഹ്തീനി, താരിഖ് ഇസ്സുദ്ദീൻ എന്നിവരാണ് കൊല്ലപ്പെട്ട ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് പ്രവർത്തകർ. ഇതോടെ കൊല്ലപ്പെട്ട കമാൻഡർമാരുടെ എണ്ണം നാലായി.
അതേസമയം, ബുധനാഴ്ച രാത്രി ടെലിവിഷൻ ലൈവിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ്സയിലെ വ്യോമാക്രമണത്തെ ന്യായീകരിച്ചു. ഇസ്ലാമിക് ജിഹാദിന്റെ ഗാസ്സയിലെ ആസ്ഥാനവും പ്രവർത്തനങ്ങളും അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നെതന്യാഹു വ്യക്തമാക്കി.
ലക്ഷ്യം കൈവരിക്കും വരെ ആക്രമണം തുടരുമെന്ന് ചൂണ്ടിക്കാട്ടിയ ഇസ്രായേൽ പ്രധാനമന്ത്രി, വെടിനിർത്തൽ സാധ്യതയെ കുറിച്ച് പ്രസംഗത്തിൽ പരാമർശിച്ചില്ല.
അതിനിടെ, ഇസ്രായേൽ സേന ദൗത്യം പൂർത്തിയാക്കുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് വ്യക്തമാക്കി. ലക്ഷ്യം പൂർത്തിയാക്കിയ ശേഷമെ ആക്രമണം അവസാനിപ്പിക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.