ധാക്ക: മോക്ക ചുഴലിക്കാറ്റ് ബംഗ്ലാദേശിനും മ്യാന്മാറിനും ഇടയില്‍ കരതൊട്ടു. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മോക്ക ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങള്‍ വിതയ്ക്കുമെന്ന ആശങ്കയില്‍ ഇരുരാജ്യങ്ങളുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതയാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഉണ്ടാവാനിടയുള്ള കടല്‍ക്ഷോഭത്തില്‍ ബംഗ്ലാദേശിലെ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് വെള്ളത്തിന്റെ അടിയിലാകുമെന്നാണ് മുന്നറിയിപ്പ്.
ജാഗ്രതയുടെ ഭാഗമായി ദ്വീപിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദ്വീപില്‍ കാര്യമായ നിര്‍മ്മാണങ്ങള്‍ ഇല്ല. ചുഴലിക്കാറ്റിന് കടന്നുപോകാന്‍ തടസ്സമില്ലാത്തതില്‍ ദ്വീപിനെ നേരിട്ട് ബാധിച്ചേക്കാം. സെന്റ് മാര്‍ട്ടിന്‍സിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോകുന്നത്. ഇതിന്റെ സ്വാധീനഫലമായി ദ്വീപിന്റെ ഒരു വശത്ത് നിന്ന് മറ്റൊരു വശത്തേയ്ക്ക് വെള്ളം ഒഴുകാന്‍ സാധ്യതയുണ്ട്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ദ്വീപ് അല്‍പ്പസമയം വെള്ളത്തിന്റെ അടിയിലാവാമെന്നും തുടര്‍ന്ന് ഒഴുകിപ്പോകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.