കാസര്‍കോട് ചന്ദ്രഗിരിപ്പുഴയില്‍ പത്താം നൂറ്റാണ്ടിലേതെന്ന് കരുതുന്ന പാര്‍ത്ഥസാരഥി വിഗ്രഹം കണ്ടെത്തി. വേനലില്‍ പുഴ വറ്റി വരണ്ടപ്പോള്‍ വിഗ്രഹം പുറത്ത് കാണുകയായിരുന്നു. നെല്ലിത്തട്ട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം അടുക്കത്തൊട്ടിയിലാണ് സംഭവം. ചന്ദ്രഗിരിപ്പുഴയുടെ മധ്യഭാഗത്താണ് പാര്‍ത്ഥസാരഥി വിഗ്രഹം കണ്ടെത്തിയത്. അനുബന്ധ ബലിക്കല്ലുകളും വിഗ്രഹത്തിന് തൊട്ടടുത്ത് ഉണ്ടായിരുന്നു.
വിഗ്രഹത്തിന്‍റെ വലതു കയ്യില്‍ കുതിരച്ചാട്ടയും ഇടത് കൈയില്‍ താമര മൊട്ടുമാണ് ഉള്ളത്. മാലയും അരഞ്ഞാണവുമെല്ലമായി കല്ലില്‍ കൊത്തിയെടുത്ത വിഗ്രഹത്തിന് മൂന്നടിയോളം ഉയരമുണ്ട്. പുനപ്രതിഷ്ഠയുടെ ഭാഗമായി ഏതെങ്കിലും ക്ഷേത്രത്തില്‍ നിന്ന് പുഴയില്‍ നിമഞ്ജനം ചെയ്തതാകാമെന്നാണ് നിഗമനം.
വിഗ്രഹം പഠനവിഷയമാക്കേണ്ടതുണ്ടെന്ന് ചരിത്ര ഗവേഷകന്‍ ഡോ നന്ദകുമാര്‍ കോറോത്ത് പറഞ്ഞു. പത്താം നൂറ്റാണ്ടിലെ നിര്‍മ്മാണ രീതിയോട് സാമ്യമുള്ളതാണ് കണ്ടെത്തിയ വിഗ്രഹം. ചരിത്രഗവേഷര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.