ന്യൂഡൽഹി > തമിഴ്‌നാട് എക്‌സൈസ്, വൈദ്യുതിമന്ത്രി വി സെന്തിൽ ബാലാജിക്ക് എതിരായ കേസുകളിൽ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് നിയമപ്രകാരം മുന്നോട്ടുപോകാമെന്നും രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ജസ്‌റ്റിസുമാരായ കൃഷ്‌ണമുരാരി, വി രാമസുബ്രഹ്മണ്യൻ എന്നിവർ അംഗങ്ങളായ ബെഞ്ച് നിർദേശിച്ചു. 2022 നവംബറിൽ മന്ത്രിക്ക് എതിരായ കേസുകളിൽ മദ്രാസ് ഹൈക്കോടതി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി അന്വേഷണം തുടരാൻ നിർദേശം നൽകിയത്.
സെന്തിൽ ബാലാജി ഗതാഗതമന്ത്രിയായിരുന്ന 2011-2015 കാലയളവിൽ മെട്രോ ട്രാൻസ്‌പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്നാണ് കേസ്. ഇതേവിഷയത്തിൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) മന്ത്രിക്ക് എതിരെ രിജസ്‌റ്റർ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കൽ കേസിലെ നടപടികളുമായി മുന്നോട്ടുപോകാനും സുപ്രീംകോടതി അനുമതി നൽകി. മന്ത്രിക്കും കേസിലെ മറ്റ് പ്രതികൾക്കും ഇഡി അയച്ച സമൻസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഹൈക്കോടതിയുടെ ഈ നടപടിയും റദ്ദാക്കുകയാണെന്ന് സുപ്രീംകോടതി അറിയിച്ചു. ഇതോടെ, ഇഡിക്ക് കേസിൽ തുടർനടപടികളുമായി മുന്നോട്ടുപോകാൻ കഴിയും. രാഷ്‌ട്രീയപകപോക്കലിന്റെ ഭാഗമാണ് കേസുകളെന്നാണ് സെന്തിൽബാലാജിയുടെ ആരോപണം. ആന്റികറപ്‌ഷൻ മൂവ്‌മെന്റും ഇഡിയുമാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.