ന്യൂഡൽഹി : പൊതുമേഖാ എണ്ണക്കമ്പനിയായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ൽ) മാർക്കറ്റിങ് ഡയറക്ടർ പാലക്കാട് സ്വദേശിയായ ഇ.എസ്. രംഗനാഥനെ കൈക്കൂലിക്കേസിൽ സി.ബി.ഐ. അറസ്റ്റ്ചെയ്തു. ഗെയ്ൽ മാർക്കറ്റ് ചെയ്യുന്ന പെട്രോകെമിക്കൽ ഉൽപന്നങ്ങൾ വാങ്ങാൻ സ്വകാര്യകമ്പനികൾക്ക് ഡിസ്കൗണ്ട് അനുവദിക്കുന്നതിന് 50 ലക്ഷത്തിലേറെ രൂപ കൈക്കൂലി വാങ്ങി എന്നാണ് കേസ്. രംഗനാഥൻ, ഇടനിലക്കാർ, ബിസിനസുകാർ എന്നിവരുൾപ്പെട്ട അഴിമതിക്കേസ് പുറത്തുകൊണ്ടുവന്ന സി.ബി.ഐ. അഞ്ചുപേരെ ശനിയാഴ്ച അറസ്റ്റ്ചെയ്തു. ഓഫീസും വീടുമുൾപ്പെടെ എട്ടിടങ്ങളിൽ തിരച്ചിൽ നടത്തി. 1.29 കോടി രൂപയിലേറെ പണവും സ്വർണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കണ്ടെടുത്തെന്ന് സി.ബി. ഐ. വക്താവ് ആർ.സി. ജോഷി പറഞ്ഞു. സ്വർണത്തിനും മറ്റുള്ളവയ്ക്കും 1.25 കോടി രൂപ മൂല്യംവരും.
ഇടനിലക്കാരായ പവൻ കുമാർ, രാജേഷ് കുമാർ എന്നിവരുമായിച്ചേർന്ന് രംഗനാഥൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ. ആരോപിച്ചു. ഡൽഹിയിലെ ബഹുദർഘട്ട് റോഡിലുള്ള റിഷബ് പോളികെം പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് രാജേഷ് കുമാർ. സ്വകാര്യ കമ്പനികളിൽനിന്ന് രംഗനാഥനുവേണ്ടി കൈക്കൂലിവാങ്ങുന്നത് ഇടനിലക്കാരാണ്. കൈക്കൂലി കൈമാറുന്നുവെന്ന വിവരംകിട്ടിയതിനെത്തുടർന്ന് സി.ബി.ഐ. സംഘം കെണിയൊരുക്കി ഇടനിലക്കാരെ പിടിച്ചു. രംഗനാഥനുവേണ്ടി വാങ്ങിയ 10 ലക്ഷം രൂപയും ഇവരിൽനിന്ന് കണ്ടെടുത്തു. രംഗനാഥനുവേണ്ടി കൈക്കൂലി കൈപ്പറ്റിയ എൻ. രാമകൃഷ്ണൻ നായർ, ബിസിനസുകാരനായ സൗരഭ് ഗുപ്ത, പാഞ്ച്കുളയിലെ ഇദ്ദേഹത്തിന്റെ കമ്പനിയായ യുണൈറ്റഡ് പോളിമർ ഇൻഡസ്ട്രീസ്, ആദിത്യ ബൻസാൽ, കർണാലിലെ ഇദ്ദേഹത്തിന്റെ കമ്പനി ബൻസാൽ ഏജൻസി എന്നിവയുടെപേരിലും കേസെടുത്തു.