കണ്ണൂർ : പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രിയപ്പെട്ട ശിഷ്യന്‍ തന്നെ കാണാനെത്തുന്നതിന്‍റെ സന്തോഷത്തിലാണ് കണ്ണൂര്‍ പാനൂരില്‍ ഒരു അധ്യാപിക. സൈനിക് സ്കൂളിലെ അധ്യാപനവൃത്തിക്ക് ശേഷം പാനൂരിലെ സഹോദരന്‍റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന രത്ന നായരാണ് പ്രിയപ്പെട്ട ശിഷ്യന്‍റെ വരവിനായി കാത്തിരിക്കുന്നത്. ഈ ശിഷ്യനെ വരവേല്‍ക്കാനായി നാടും ഒരുങ്ങിക്കഴിഞ്ഞു.
പാനൂര്‍ കാര്‍ഗില്‍ ബസ് സ്റ്റോപ്പിന് സമീപമുള്ള വീട്ടില്‍ രത്നടീച്ചര്‍ ശിഷ്യനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. ടീച്ചര്‍ മാത്രമല്ല ഈ വീട്ടിലെത്തുന്ന പഴയ വിദ്യാര്‍ത്ഥിയെ കാണാന്‍ നാടും കാത്തിരിക്കുന്നു. ടീച്ചറെ കാണാനായി പഴയ വിദ്യാര്‍ത്ഥിയെത്തുമ്പോള്‍ സുരക്ഷയൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ പൊലീസും തുടങ്ങി. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറാണ് എല്ലാവരും കാത്തിരിക്കുന്ന ടീച്ചറുടെ പ്രിയപ്പെട്ട ശിഷ്യന്‍.
രാജസ്ഥാനിലെ ചിറ്റോര്‍ഗ്ര സൈനിക് സ്കൂളില്‍ അധ്യാപികയായിരിക്കുമ്പോഴാണ് ജഗദീപ് ധന്‍കറെ രത്ന നായര്‍ പഠിപ്പിച്ചത്. 18 വര്‍ഷത്തോളം രാജസ്ഥാനിലെ സൈനിക സ്കൂളില്‍ അധ്യാപികയായിരുന്നു രത്ന നായര്‍. കണ്ണൂര്‍ ചെണ്ടയാട് നവോദയാ സ്കൂളിലെ പ്രിന്‍സിപ്പലായാണ് വിരമിച്ചത്. ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നെത്തി മിടുമിടുക്കനായി മാറിയ ജഗദീപിന്‍റെ കഥ പറയുമ്പോള്‍ അഭിമാനത്തിന്‍റെ നിറവിലാണ് ടീച്ചര്‍.
ജഗദീപിന്‍റെ സഹോദരനെയും ടീച്ചർ പഠിപ്പിച്ചിട്ടുണ്ട്. 1968ല്‍ പന്ത്രണ്ടാം ക്ലാസ് വിജയിച്ച് സ്കൂളില്‍ നിന്ന് ജഗദീപ് വിട പറഞ്ഞെങ്കിലും ടീച്ചറോടുള്ള അടുപ്പത്തില്‍ മാത്രം കുറവുണ്ടായില്ല. പശ്ചിമ ബംഗാളില്‍ ഗവര്‍ണറായപ്പോള്‍ വിളിച്ച് അനുഗ്രഹം തേടിയിരുന്നു. ഉപരാഷ്ട്രപതിയായി ചുമതലയേറ്റെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അനാരോഗ്യം കാരണം പോകാന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുമ്പോള്‍ ടീച്ചറെ കാണാന്‍ കണ്ണൂരിലെത്തുമെന്ന കാര്യം ഉപരാഷ്ട്രപതി അറിയിച്ചത്.