കോഴിക്കോട് : കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. പൊതുയോഗങ്ങള്‍ പാടില്ലെന്നും ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പൊതു ഇടങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. ബീച്ചില്‍ നിയന്ത്രണം നടപ്പിലാക്കുമെന്നും ആവശ്യമെങ്കില്‍ സമയം ക്രമീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പരിശോധന ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെടും. പരിശോധനയ്ക്കായി കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് വ്യാപനം തീവ്രമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയര്‍ന്നു. ഇന്നലെ പ്രതിദിന കൊവിഡ് കേസുകള്‍ പതിനെട്ടായിരം കടന്നപ്പോള്‍ ഇന്നലത്തെ ടിപിആര്‍ 30.55 ശതമാനമായി. ദിവസങ്ങളുടെ ഇടവേളയില്‍ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ രോഗ വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് ടിപിആര്‍ 36 ന് മുകളിലാണ്.
ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കുന്നതിനായി കൂടുതല്‍ സെക്ട്രല്‍ മജിസ്ട്രേറ്റുമാരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ച്ച മുതല്‍ സ്കൂളിലെത്തി കുട്ടികള്‍ക്ക് വാക്സിന് നല്‍കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.സ്കൂളുകളിലെ വാക്സിനേഷന് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.