തിരുവനന്തപുരം: ലണ്ടനിലെത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. യുകെയിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ യു.കെ.യുടെ ആറാം ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് എംവി ഗോവിന്ദന് ലണ്ടനിലെത്തിയത്. സാധാരണ വേഷത്തില്‍ നിന്നും വ്യത്യസ്തമായ ലുക്കില്‍ ആയിരുന്നു എം. വി. ഗോവിന്ദന്. ഷര്‍ട്ട് ‘ടക്ക് ഇന്‍’ ചെയ്ത് വിമാനത്താവളത്തില്‍ എത്തിയ ചിത്രം എം. വി. ഗോവിന്ദന് തന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.
ലണ്ടന്‍ ഗ്വാറ്റിക് വിമാനത്താവളത്തില്‍ വച്ച് എം.വി ഗോവിന്ദന് കിട്ടിയ സ്വീകരണത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി എം. വി. ഗോവിന്ദനൊപ്പം ഭാര്യ പി. കെ. ശ്യാമള, ചലച്ചിത്ര സംവിധായകന് ആഷിഖ് അബു എന്നിവരും ലണ്ടനില്‍ എത്തി. ലണ്ടന്‍ ഗ്വാറ്റിക് വിമാനത്താവളത്തില്‍ വച്ച് ഇവരെ സമീക്ഷ യുകെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍, ദേശീയ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.