കോട്ടയം: കോട്ടയം എരുമേലിയിൽ രണ്ടു പേർ മരിച്ച കാട്ടുപോത്ത് ആക്രമണത്തെക്കുറിച്ചുള്ള വനം മന്ത്രി എ.കെ ശശീന്ദ്രന്‍റെ നിലപാടിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കാട്ടുപോത്തിനല്ല, വനം മന്ത്രിക്കാണ് മയക്കുവെടി വെക്കേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന് തന്നെ മനസ്സിലാകുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം, എരുമേലിയിൽ രണ്ടു പേരെ ആക്രമിച്ച കാട്ടുപോത്തിന് വെടിയേറ്റിരുന്നെന്ന വനം വകുപ്പിന്‍റെ വിശദീകരണം കഥയാണെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാദർ കുര്യൻ താമരശ്ശേരി പറഞ്ഞു. കാട്ടുപോത്തിന് നേരത്തെ വെടിയേറ്റെന്നും അതുകൊണ്ടാണ് വിറളിപിടിച്ചതെന്നും പുതിയ കഥയുണ്ടാക്കി വിഷയം മാറ്റരുത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും നിങ്ങളെ സംരക്ഷിക്കാൻ കൂടെയുണ്ട് എന്ന് പറയാനുള്ള ബോധം ഉണ്ടാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം എരുമേലിയിൽ രണ്ടു പേരുടെ ജീവൻ കവർന്ന ആക്രമണം നടത്തിയ കാട്ടുപോത്തിന് നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി സംശയമുണ്ട് എന്നാണ് വനംവകുപ്പ് പറയുന്നത്. വെടിയേറ്റ പ്രകോപനത്തിലാണ് കാട്ടുപോത്ത് നാട്ടുകാരെ ആക്രമിച്ചതെന്നും വെടിവെച്ച നായാട്ടുകാരെ ഉടൻ പിടികൂടുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.