പാലക്കാട്: പാലക്കയം കൈക്കൂലിക്കേസ് അന്വേഷണം കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക്. കൈക്കൂലിക്കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ കൈക്കൂലി വാങ്ങാനായി അപേക്ഷകരുടെ വീടുകളിലേക്കും പോയെന്ന് വിജിലന്‍സ് കണ്ടെത്തി. പാലക്കയം വില്ലേജ് ഓഫീസര്‍ക്കും പങ്കുകൊടുക്കണമെന്ന് പറഞ്ഞാണ് സുരേഷ് കുമാര്‍ പലരില്‍നിന്നും പണം വാങ്ങിയതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് നീളും. അതേസമയം, സുരേഷ് കുമാര്‍ കൈക്കൂലി വാങ്ങുന്നയാളാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും കൈക്കൂലി വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വില്ലേജ് ഓഫീസര്‍ സജിത്ത് പറഞ്ഞു.
മൂന്നുവര്‍ഷം മുന്‍പാണ് പാലക്കയം വില്ലേജ് ഓഫീസില്‍ അസിസ്റ്റന്റായി തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍ എത്തുന്നത്. കൈക്കൂലി കണക്കുപറഞ്ഞു വാങ്ങിയിരുന്ന സുരേഷ് പണം കൊടുക്കാന്‍ തയാറാവാത്തവരെ മാസങ്ങളോളം നടത്തിക്കും. സര്‍വ്വേ പൂര്‍ത്തിയാക്കാത്ത പ്രദേശമായതിനാല്‍ പ്രദേശവാസികള്‍ക്ക് എല്ലാ കാര്യങ്ങള്‍ക്കും വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ പ്രദേശവാസികളില്‍നിന്ന് അഞ്ഞൂറും ആയിരവും വരെയാണ് ഇയാള്‍ കൈപ്പറ്റിയിരുന്നത്.