തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സംസ്ഥാനത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് എഎ റഹീം എംപി. ഭരണഘടന ഉറപ്പ് നല്‍കുന്ന ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണ് കേരളത്തോടുള്ള വിവേചനം. കേരളത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സര്‍ക്കാരിന്റെ സമീപനമെന്നും റഹീം വിമർശിച്ചു.
സര്‍ക്കാര്‍ ഗ്യാരണ്ടി മാത്രം നല്‍കിയ കിഫ്ബി, പെന്‍ഷന്‍ ഫണ്ട് തുടങ്ങിയവ വഴിയുളള കടമെടുപ്പ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാറിന്റെ വിചിത്രമായ നടപടി. സമാനമായ രീതി അവലംബിച്ച, ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഒരു രൂപ പോലും കേന്ദ്രം വെട്ടി കുറച്ചിട്ടില്ല. ഇതില്‍ നിന്ന് ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് പിന്നിലെന്ന് വ്യക്തമാണെന്ന് റഹീം പറഞ്ഞു.