പഴങ്ങളുടെ രാജാവ് എന്നാണ് മാമ്പഴം ഇന്ത്യയില്‍ അറിയപ്പെടുന്നത്. രുചിയിലും ഗുണത്തിലുമെല്ലാം മാങ്ങയെ കവച്ച് വയ്ക്കാന്‍ വേറെ പഴമില്ലെന്നുതന്നെ പറയാം. വേനല്‍ക്കാലത്ത് പല വൈവിധ്യങ്ങളിലുള്ള മാമ്പഴങ്ങള്‍ നമ്മുടെ രാജ്യത്ത് വിപണിയിലെത്താറുണ്ട്. എന്നാല്‍ മാമ്പഴം കഴിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഇതില്‍ പ്രധാനപ്പെട്ട സംഗതിയാണ് കഴിക്കുന്നതിന് അര മണിക്കൂർ മുൻപെങ്കിലും ഇത് വെള്ളത്തില്‍ മുക്കിയിടണം എന്നത്. ഇത്തരത്തില്‍ വെള്ളത്തില്‍ മുക്കിയിടുന്നത് പലവിധ കാരണങ്ങളാലാണ്. ഒന്നാമതായി മാങ്ങ ചൂടുള്ള ഒരു പഴമായിട്ടാണ് കരുതപ്പെടുന്നത്. ശരീരത്തെ ചൂട് പിടിപ്പിക്കാനുള്ള കഴിവ് മാങ്ങയ്ക്കുണ്ടെന്ന് ആയുര്‍വേദം പറയുന്നു. ഈ ചൂടിനെ ശമിപ്പിക്കാന്‍ കുറച്ച് നേരം വെള്ളത്തില്‍ മുക്കിയിടുന്നതിലൂടെ സാധിക്കുമെന്ന് ഡയറ്റീഷ്യന്മാര്‍ പറയുന്നു.
മാങ്ങയുടെ പുറമേക്ക് രാസവളങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ അവ നീക്കാനും കുറച്ച് നേരം വെള്ളത്തില്‍ ഇട്ട് വയ്ക്കുന്നതിലൂടെ സാധിക്കും. മാങ്ങയിലുള്ള പോഷണങ്ങള്‍ വലിച്ചെടുക്കുന്നതിനെ തടയുന്ന ആന്റി ന്യൂട്രിയന്റായ ഫൈറ്റിക് ആസിഡ് നീക്കം ചെയ്യുന്നതിനും ഈ പ്രക്രിയ സഹായിക്കും. വെള്ളത്തില്‍ മുക്കിവയ്ക്കാതെ മാങ്ങ തിന്നുന്നത് ദഹനസംവിധാനത്തെ ബാധിക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാങ്ങ കഴിച്ച ശേഷം തലവേദന, മലബന്ധം, ഓക്കാനം പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടേണ്ടതാണ്.