ഓസ്കാർ അവാർഡ് ജേതാവായ സംഗീത സംവിധായകൻ എം.എം കീരവാണി ഇന്ന് തിരുവനന്തപുരത്ത്. വല്യത്ത് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേബി ജോൺ വല്യത്ത് നിർമ്മാണവും സംവിധാനവും ഒരുക്കുന്ന ‘മജീഷ്യൻ’ എന്ന സിനിമയുടെ പൂജയ്ക്കായാണ് കീരവാണി എത്തുന്നത്. ഇതിന്‍റെ ഭാഗമായി വൈകിട്ട് അഞ്ചിന് ലുലുമാളിൽ എത്തും.
ചിത്രത്തിലെ മൂന്നു ഗാനങ്ങൾക്ക് സംഗീതമൊരുക്കുന്ന കീരവാണിയെ ചടങ്ങിൽ ആദരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സാം ശിവ മ്യൂസിക് ബാന്‍റ് ഒരുക്കുന്ന എം.എം കീരവാണി ട്രിബ്യൂട്ടും ഉണ്ടാകും. രാഷ്ട്രീയ, സാമുദായിക, സിനിമ മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. തെലുങ്ക് ചിത്രമായ ആർ.ആർ.ആറിലെ ‘നാട്ടുനാട്ടു’ എന്ന ഗാനം ഒരുക്കിയതിന് ഓസ്‌കാർ പുരസ്കാരം നേടിയ ശേഷം ആദ്യമായാണ് കീരവാണി തിരുവനന്തപുരത്തെത്തുന്നത്.
1991ല്‍ ഐ.വി ശശി സംവിധാനം ചെയ്ത നീലഗിരി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ കീരവാണിയുടെ സംഗീതം ആദ്യമായി മുഴങ്ങിയത്. പിന്നീട് 1992ല്‍ സൂര്യമാനസത്തിലും1996ല്‍ ദേവരാഗത്തിലൂടേയും മലയാളികളുടെ മനം കവർന്ന കീരവാണി പിന്നീട് ഇതര ഭാഷകളിൽ നിറസാന്നിധ്യമായി മാറി.