ഇടുക്കി : എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പോലീസിന്റെ അപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും. യൂത്ത് കോണ്‍ഗ്രസ്-, കെഎസ്യു നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ, ജിതിന്‍, ടോണി തേക്കിലക്കാടന്‍ എന്നിവരെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. കേസിലെ മുഖ്യതെളിവായ കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതാണ് പോലീസിനെ കുഴക്കുന്നത്. കത്തിയടക്കമുള്ള പ്രധാന തെളിവുകള്‍ കണ്ടെത്താനാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പോലീസ് ആവശ്യപ്പെടുന്നത്. ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഘത്തില്‍ എട്ടു പേരാണുള്ളത്. കുളമാവ് സ്റ്റേഷനില്‍ എത്തിയാണ് രണ്ട് പേരും കീഴടങ്ങിയത്. ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിക്കൊപ്പം ഉണ്ടായിരുന്നവരാണ് ഇവര്‍. ടോണിയാണ് തന്നെ കുത്തിയതെന്നാണ് പരിക്കേറ്റ് ചികിത്സയിലുള്ള അഭിജിത്തിന്റെ മൊഴി.
കേസില്‍ നേരത്തെ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലിയും ജെറിന്‍ ജോജോയും നിലവില്‍ റിമാന്‍ഡിലാണ്. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കുന്നതിനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കുമായാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.